നിങ്ങളുടെ മകളെ ഒരു ശതമാനമെങ്കിലും മോശമായിട്ടാണ് കാണിച്ചത് എന്ന് തോന്നുകയാണെങ്കില്‍ ഞാന്‍ ഈ സിനിമ ഇറക്കില്ലെന്ന് പറഞ്ഞു: അഭിലാഷ് പിള്ള
Entertainment
നിങ്ങളുടെ മകളെ ഒരു ശതമാനമെങ്കിലും മോശമായിട്ടാണ് കാണിച്ചത് എന്ന് തോന്നുകയാണെങ്കില്‍ ഞാന്‍ ഈ സിനിമ ഇറക്കില്ലെന്ന് പറഞ്ഞു: അഭിലാഷ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 12:00 pm

തന്റെ സിനിമകളെ കുറിച്ചും ബോധപൂര്‍വം അതില്‍ താന്‍ ഉള്‍പ്പെടുത്തുന്ന ചില ഇമോഷനുകളെ കുറിച്ചുമൊക്കെ പറയുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.

ത്രില്ലറുകള്‍ മാത്രം എഴുതുന്ന ആള്‍ എന്നൊരു ചീത്തപ്പേര് തനിക്കുണ്ടെന്നും എന്നാല്‍ അത് ശരിയല്ലെന്നും തന്റെ സിനിമകള്‍ പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അഭിലാഷ് പറയുന്നു.

ഒപ്പം ആനന്ദ് ശ്രീബാല എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തനിക്കുണ്ടായ ഒരു അനുഭവവും എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ അഭിലാഷ് പിള്ള പങ്കുവെച്ചു.

‘എനിക്ക് പൊതുവെയുള്ള ചീത്തപ്പേരാണ് ഞാന്‍ ത്രില്ലറുകള്‍ മാത്രം എഴുതുന്ന റൈറ്റര്‍ ആണ് എന്നത്. എന്റെ ആദ്യത്തെ സിനിമ കഡാവര്‍. അത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു.

ഒരു പൊലീസ് സര്‍ജന്റെ ജീവിതത്തില്‍ നടക്കുന്ന ഒരു കഥ. അതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. അതിന് ശേഷം നൈറ്റ് ഡ്രൈവ്. അതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ അല്ല. ഒരു സിംഗിള്‍ നൈറ്റില്‍ നടക്കുന്ന ത്രില്ലര്‍ ആണ്.

മൂന്നാമത്തെ സിനിമ പത്താംവളവ് പോലും ഫാമിലി ഡ്രാമയാണ്. അതിനുള്ളില്‍ ഒരു പൊലീസ് ട്രാക്ക് ഉണ്ട് എന്നേയുള്ളൂ. നാലാമത്തെ സിനിമ മാളികപ്പുറം. അതിലും സെക്കന്റ് ഹാഫില്‍ മാസും ത്രില്ലറും ഉണ്ടെങ്കിലും അതൊരു ഫാമിലി കഥയാണ്.

മാളികപ്പുറം പൂര്‍ണമായും ഒരു അഭിലാഷ് പിള്ള സ്‌ക്രിപ്റ്റാണെന്ന് ഞാന്‍ ഉറപ്പുപറയുന്നു. ഞാന്‍ ആഗ്രഹിക്കുന്ന സിനിമയാണ് അത്. മറ്റേതൊക്കെ എനിക്ക് കാണാനിഷ്ടമുള്ള സിനിമയാണ്. അതുകൊണ്ട് അത് എഴുതുന്നു.

മാളികപ്പുറം എന്റെ പേഴ്‌സണല്‍ ഫേവറൈറ്റ് ആണ്. അതിന് ശേഷം ഞാന്‍ ആനന്ദ് ശ്രീബാല എഴുതുന്നു. അതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. എന്നാല്‍ അതിലും ഒരു അമ്മ-മകന്‍ ഇമോഷന്‍ കൊടുത്തിട്ടുണ്ട്.

എപ്പോഴും ഒരു ഇമോഷണല്‍ ട്രാക്ക്, ഒരു ബ്ലഡ് റിലേഷന്‍ഷിപ്പും ബോഡിങ്ങും ഞാന്‍ കൊണ്ടുവരും. പിന്നെ ഇത്തരം സിനിമകള്‍ക്ക് അതിന് വേണ്ട റിസേര്‍ച്ച് തീര്‍ച്ചയായും നടത്തും.

ആനന്ദ് ശ്രീബാലയുടെ കഥ കൊച്ചിയില്‍ നടന്ന റിയല്‍ സ്റ്റോറിയാണ്. അതിന്റെ എല്ലാ ഡീറ്റെയ്ല്‍സും കളക്ട് ചെയ്തു. അതുമായി കണക്ട് ചെയ്ത ആളുകളെ കണ്ടു.

എഴുതുമ്പോള്‍ ഇതിന് ഇങ്ങനെ ഒരു ക്ലൈമാക്‌സ് വന്നാല്‍, ഇങ്ങനെ സംഭവിച്ചുകൂടെ എന്ന് ചിന്തിച്ചാണ് ആ ക്ലൈമാക്‌സ് എഴുതുന്നത്. ആ കേസ് ഇപ്പോഴും കോടതിയില്‍ ഉണ്ട്.

റിലീസിന്റെ നാല് ദിവസം മുന്‍പ് ആ കുട്ടിയുടെ പാരന്റ്‌സ് കോടതി വഴി, അഡ്വക്കേറ്റ് വഴി ഞങ്ങളെ കോണ്‍ടാക്ട് ചെയ്തു. ഇത് എന്റെ മകളെ മോശമായി കാണിക്കുന്ന സിനിമയാണോ എന്നൊരു സംശയം അവര്‍ക്ക് വന്നു.

അവര്‍ക്ക് 100 ശതമാനം സംശയം തോന്നാം. കാരണം ഞാന്‍ അവരെ പേഴ്‌സണലി മീറ്റ് ചെയ്യാന്‍ പോയിരുന്നില്ല. അവരുടെ സ്‌റ്റേറ്റ്‌മെന്റെല്ലാം മീഡിയയില്‍ ഉണ്ടായിരുന്നു. ഞാന്‍ അഡ്വക്കേറ്റിനോട് പറഞ്ഞിട്ട് ആ പാരന്റ്‌സിനെ മീറ്റ് ചെയ്യണമെന്ന് പറഞ്ഞു.

നിങ്ങള്‍ സിനിമ കാണൂ, എന്നിട്ട് ഇതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മകളെ ഒരു ശതമാനമെങ്കിലും മോശമായിട്ടാണ് കാണിച്ചത് എന്ന് തോന്നുകയാണെങ്കില്‍ ഈ സിനിമ നമ്മള്‍ ഇറക്കില്ല എന്ന് പറഞ്ഞു.

കുട്ടിയുടെ അച്ഛന്‍, പൗരസമിതിയുടെ ആള്‍ക്കാര്‍, അഡ്വക്കേറ്റ് ഇവരെല്ലാം സിനിമ കണ്ടു. അമ്മ കാണണ്ട എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അച്ഛന്‍ സിനിമ കണ്ടുകഴിഞ്ഞ ശേഷം എന്നെ വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞത് എന്റെ മോളെ ഒരു തവണ കൂടി എനിക്ക് കാണിച്ചു തന്നല്ലോ എന്നാണ്.

കണ്ണുനിറഞ്ഞിട്ടാണ് ആ മനുഷ്യന്‍ ഇറങ്ങിപ്പോയത്. സിനിമ ഇറങ്ങിയ ശേഷം അവരൊക്കെ എന്നെ വിളിച്ചു. ഇപ്പോഴും വിളിക്കാറുണ്ട്. കാരണം അതില്‍ അവരുടെ മകളുണ്ട്.

എന്നാല്‍ മകള്‍ക്ക് എന്ത് സംഭവിച്ചു എന്നത് എന്റെ ഫിക്ഷനിലാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. അവര്‍ പറഞ്ഞത് കുട്ടിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്നാണ്.

എന്നാല്‍ ആത്മഹത്യയാണെന്നും ഫോറന്‍സിക് അടക്കമുള്ള എല്ലാ തെളിവുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ഇടയില്‍ നിന്ന് ചിന്തിച്ചപ്പോള്‍ ഇങ്ങനെ സംഭവിച്ചുകൂടെ എന്ന എന്റെ സംശയമാണ് ആ സിനിമയുടെ ബേസ് എലമെന്റ്,’ അഭിലാഷ് പിള്ള പറഞ്ഞു.

Content highlight: Director Abhilash Pilla about Anand Sreebala Movie and Controversy