മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരുപാട് റൊക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ ചിത്രമായിരുന്നു ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ ആഗസ്റ്റ് 28 ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത ലോക: ചാപ്റ്റര്‍ വണ്‍ -ചന്ദ്ര.
മലയാളത്തില്‍ നിന്നും ആദ്യമായി 300 കോടി ക്ലബിലെത്തിയ ചിത്രം വലിയ രീതിയില്‍ സിനിമ മേഖലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നീലിയെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതില്‍ കൊവിഡ് വഹിച്ച പങ്കിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
‘വെസ്റ്റേണ്‍ കള്‍ച്ചറിലെ വാമ്പയര്‍ എന്നു പറയുന്ന ആശയമാണ് നമ്മുടെ കള്‍ച്ചറിലെ യക്ഷിയുമായി ചിത്രത്തില്‍ ഞാന്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്. എനിക്കു തോന്നുന്നത് കൊവിഡ് വ്യാപനത്തിനു ശേഷം വൈറസ് വ്യാപനം എന്ന ആശയം നല്ല രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ കണക്ടായിട്ടുണ്ട്. ഈയൊരു വിശ്വാസത്തിലാണ് സയന്‍സ് ഫിക്ഷന്‍ എന്ന എലമെന്റ് ചിത്രത്തിലേക്ക് കടന്നുവരുന്നത്.
കല്യാണി പ്രിയദര്‍ശന്‍, ലോക മൂവിയില്‍ നിന്നും Photo: Screen Grab From Lokah Movie
വൈറസ് ഇന്‍ഫെക്ഷന്‍ എന്നു പറയാം, അതെന്തായാലും ആള്‍ക്കാര്‍ക്ക് മനസ്സിലാവും. കുഴപ്പമില്ലെന്ന ആംഗിളിലേക്ക് എത്തുകയായിരുന്നു. പിന്നെ ഇത് എഴുതി വന്നപ്പോഴേക്കും ഈ കഥാപാത്രത്തിന് അനുയോജ്യമായ പേര് വേണമെന്ന ചിന്തയില്‍ എങ്ങനെയോ, എപ്പോഴോ തോന്നിയതാണ് കള്ളിയങ്കാട്ടു നീലിയെന്നത്’ ഡൊമിനിക് പറഞ്ഞു.
ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍ ചെയ്ത നീലി എന്ന കഥാപാത്രത്തിന് വവ്വാലില്‍ നിന്നും കടിയേറ്റുണ്ടാകുന്ന വൈറസ് ബാധയിലൂടെയാണ് അതിമാനുഷിക ശക്തി ലഭിക്കുന്നത്.
നീലിയില്‍ നിന്നും കടിയേല്‍ക്കുമ്പോള്‍ സാന്‍ഡി മാസ്റ്റര്‍ അവതരിപ്പിച്ച നാച്ചിയപ്പയിലേക്കും ഈ വൈറസ് വ്യാപിക്കുന്നത് കാണാം.
മലയാളത്തിലെ നാടോടിക്കഥകളിലെ യക്ഷിക്കഥാപാത്രമായ കള്ളിയങ്കാട്ടു നീലിയെയും, കടമറ്റത്ത് കത്തനാരെയും, ചാത്തനെയുമെല്ലാം ബാംഗ്ലൂര്‍ എന്ന സിറ്റിയുടെ പശ്ചാതലത്തില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍.
കല്യാണി പ്രിയദര്‍ശന്‍, ലോക മൂവിയില്‍ നിന്നും Photo: Screen Grab From Lokah Movie
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 5 മില്ല്യണ്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിറ്റഴിക്കുന്ന ചിത്രമെന്ന നേട്ടവും ലോക സ്വന്തമാക്കിയിരുന്നു.
മിന്നല്‍ മുരളിക്ക് ശേഷം മലയാളത്തില്‍ സൂപ്പര്‍ ഹീറോ ടാഗിലെത്തിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കും മേക്കിങ് ക്വളിറ്റിക്കും ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
30 കോടി ബഡ്ജറ്റിലെത്തിയ ചിത്രം സൂപ്പര്‍ താരങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഇന്‍ഡസ്ട്രിയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയത്.
ശാന്തി ബാലചന്ദ്രനും ഡൊമിനിക് അരുണും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രത്തില്‍ നസ്‌ലിന്‍, ചന്തു സലീം, ടൊവിനോ, സണ്ണി വെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍, തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
Content Highlight: Direction Dominic Arun About Neeli and Covid Pandamic Connection