ബീഹാറിലെ ഫലങ്ങള്‍ പൂര്‍ണമായും അസ്വാഭാവികമാണ്; വിമര്‍ശനവുമായി ദീപങ്കര്‍ ഭട്ടാചാര്യ
India
ബീഹാറിലെ ഫലങ്ങള്‍ പൂര്‍ണമായും അസ്വാഭാവികമാണ്; വിമര്‍ശനവുമായി ദീപങ്കര്‍ ഭട്ടാചാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th November 2025, 7:34 pm

ന്യൂദല്‍ഹി: ബീഹാറിലെ ഇലക്ഷന്‍ ഫലങ്ങള്‍ യഥാര്‍ത്ഥ സ്ഥിതിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് സി.പി.ഐ(എം.എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ. 20 വര്‍ഷത്തിലധികമായി അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ 2010ലെ പ്രകടനം എങ്ങനെ ആവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭട്ടാചാര്യ പറഞ്ഞു.

‘ഫലങ്ങള്‍ പൂര്‍ണമായും അസ്വാഭാവികമാണ്; ബീഹാറിലെ യാഥാര്‍ത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇരുപത് വര്‍ഷമായി അധികാരത്തിലുള്ള സര്‍ക്കാര്‍ 2010ലെ പ്രകടനം വീണ്ടും ആവര്‍ത്തിക്കുന്നത് തീര്‍ത്തും വ്യാഖ്യാനിക്കാന്‍ പറ്റാത്ത കാര്യമാണ്,’ ഭട്ടാചാര്യ പി.ടി.ഐയോട് പറഞ്ഞു.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലും അദ്ദേഹം വോട്ടര്‍ പട്ടികയില്‍ ഉണ്ടായ വര്‍ധനവ് ചൂണ്ടിക്കാട്ടി. എസ്.ഐ.ആറിന് ശേഷം ബിഹാറിലെ വോട്ടര്‍മാരുടെ എണ്ണം 7.42 കോടിയായിരുന്നുവെങ്കിലും, ഇലക്ഷന്‍ കമ്മീഷന്റെ പോള്‍ നോട്ടില്‍ 7,45,26,858 വോട്ടര്‍മാരാണെന്ന് കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനവ് എവിടെ നിന്നാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

‘ഈ ‘അധിക’ സംഖ്യ എവിടെ നിന്നാണ് വന്നത്? ഇതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കുമോ?’ എന്നും അദ്ദേഹം ചോദിച്ചു.

മഹാഗത്ബന്ധന്റെ ഭാഗമായി 20 സീറ്റുകളില്‍ മത്സരിച്ച സി.പി.എം(എം.എല്‍) ലിബറേഷന്‍ വെള്ളിയാഴ്ച ഉച്ചയോടെ ഗോസി മണ്ഡലത്തില്‍ മാത്രമാണ് പോളിങ്ങില്‍ മുന്നിലുണ്ടായിരുന്നത്.
2020ലെ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 19 സീറ്റുകളില്‍ മത്സരിച്ച് 12 സീറ്റുകള്‍ നേടിയിരുന്നു.

Content Highlight:  Dipankar Bhattacharya says the election results in Bihar do not match the actual situation