മലയാള സിനിമക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച രണ്ട് വ്യക്തികളാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. 2021 ല്‍ പുറത്തു വന്ന ജോജിയും ഈ കൂട്ടുക്കെട്ടിന്റെ മികച്ച ഒരു സിനിമയാണ്.
തന്റെയും ശ്യാം പുഷ്‌ക്കരന്റെയും ഫിലിം മേക്കിങ് പ്രോസസ് എങ്ങനെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ദിലീഷ് പോത്തന്‍.
തങ്ങള്‍ക്ക് അത്തരമൊരു പ്രോസസ് ഒന്നും ഇല്ലെന്നും എക്‌സൈറ്റഡായ ഒരു ഐഡിയയില്‍ എത്തിച്ചേരാനും അത് ഡെവലപ്പ് ചെയ്യാനുമാണ് തങ്ങള്‍ ശ്രമിക്കാറുള്ളതെന്നും ദിലീഷ് പോത്തന്‍ പറയുന്നു. ശ്യാം ചിലപ്പോള്‍ സ്‌ക്രിപ്റ്റില്‍ കുറച്ച് ദിവങ്ങള്‍ ഇരിക്കുമെന്നും താന്‍ തന്റെ അഭിപ്രായങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളോളം ഒരു കഥയില്‍ നമ്മള്‍ ഇരുന്നാലും പിന്നീട് സിനിമ വേണ്ടെന്ന് വെക്കാറുണ്ടെന്നും അത് തന്നെയാണ് തങ്ങളുടെ സ്‌ട്രെങ്ങ്ത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ നിരവധി സിനിമകള്‍ വരാതെ പോയിട്ടുണ്ടെന്നും തങ്ങളുടെ അത്തരത്തിലുള്ള വേണ്ടെന്ന് വെക്കലുകളാണ് നല്ല സിനിമകള്‍ സംഭവിക്കാന്‍ കാരണമായതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.
‘ശരിക്കും അത്തരമൊരു പ്രോസസ് ഇല്ല. രണ്ട് പേര്‍ക്കും എക്‌സൈറ്റഡ് ആകുന്ന ഒരു ഐഡിയയില്‍ എത്തിചേരാനാണ് ആദ്യം ശ്രമിക്കുന്നത്. അങ്ങനെ ഒരു ഐഡിയയില്‍ എത്തിച്ചേര്‍ന്നാല്‍ നമ്മള്‍ അത് ചര്‍ച്ച ചെയ്യും. ശ്യാം ചിലപ്പോള്‍ ഒരാഴ്ച്ച ഇരിക്കും. അതില്‍ എന്തെങ്കിലും ഇംപ്രൊവൈസ് ചെയ്യണമെങ്കില്‍ പിന്നെയും ഇരിക്കും. അതില്‍ ഞാന്‍ കുറച്ച് അഭിപ്രായങ്ങള്‍ പറഞ്ഞേക്കാം. ആ ഒരു രീതിയിലാണ് പോകാറുള്ളത്.
ഞങ്ങളുടെ ഏറ്റവും വലിയ സ്‌ട്രെങ്ത്ത് എന്താണെന്ന് എനിക്ക് തോന്നിയിട്ടുളളത്, ഒരു ആറോ ഏഴോ മാസമോ അല്ലെങ്കില്‍ ഒരു വര്‍ഷമോ സിനിമക്ക് വേണ്ടി എഫേര്‍ട്ട് എടുത്തിട്ടുണ്ടാകും. എന്നിട്ട് വേണ്ട എന്ന് വെക്കാന്‍ ഞങ്ങള്‍ക്ക് ഈസ്‌ലി സാധിക്കുന്നുണ്ട്. നമ്മള്‍ക്ക് ഒരു ഐഡിയ തോന്നി അതില്‍ വര്‍ക്ക് ചെയ്യുന്നു, അങ്ങനെ കുറെ മാസം ഇരുന്ന് സ്‌റ്റോറി ഡെവലപ്പ് ചെയ്തിട്ട് ഉദേശിച്ച റിസള്‍ട്ട് നിരവധി തവണ അച്ചീവ് ചെയ്യാന്‍ പറ്റാതെ വന്നിട്ടുണ്ട്.
ആ സമയത്തൊക്കെ ഒട്ടും ആത്മവിശ്വാസവും സെല്‍ഫ് റെസ്‌പെക്ടും കളയാതെ നമുക്ക് ഇത് മാറ്റിയേക്കാം എന്ന് പറയാറുണ്ട്. വേറെയൊന്ന് ക്രാക്ക് ചെയ്യാം എന്നുള്ള ഞങ്ങളുടെ വേണ്ടാ എന്ന് വെക്കലുകളാണ് ഞങ്ങള്‍ക്ക് ഇത്രയും ക്വാളിറ്റിയുള്ള സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞെന്നാണ് ഞാന്‍ കരുതുന്നത്. ഉറപ്പായിട്ടും ഒരു പത്തില്‍ അധികം സിനിമകള്‍ വരാതെ പോയിട്ടുണ്ട്,’ ദിലീഷ് പോത്തന്‍ പറയുന്നു.
Content highlight: Dileesh Pothen talks about his and Shyam Pushkaran’s filmmaking process