ഷാഹി കബീറിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ സിനിമയാണ് റോന്ത്. സിനിമ ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു(വെള്ളി) ചിത്രത്തില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനുമാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലി പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ വിനീത് ജെയിന്‍, രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.
റോഷനും ദിലീഷ് പോത്തനും പൊലീസ് ഉദ്യോഗസ്ഥരായാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ റോന്ത് സിനിമയുടെ ഷൂട്ടിങ്ങ് സമയത്തുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ദിലീഷ് പോത്തന്‍. തങ്ങള്‍ക്ക് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടക്ക് രണ്ട് ദിവസം ഗ്യാപ്പ് കിട്ടിയെന്നും താന്‍ ആ സമയം ഒരു 30 ദിവസത്തിന് മേലെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
ആ സമയം താന്‍ എയര്‍പോട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ ഒരു പൊലീസ് വാഹനം നിര്‍ത്തിയിട്ടതു കണ്ടെന്നും അത് കണ്ടപ്പോള്‍ തന്റെ വണ്ടി അവിടെ നിര്‍ത്തിയിട്ടതുപോലെ തോന്നിയെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. അത്രയും ദിവസം പൊലീസ് ജീപ്പിലും മറ്റും ചെലവഴിച്ചതുകൊണ്ട് പൊലീസ് വാഹനം കണ്ടപ്പോള്‍ തന്റെ വണ്ടി അവിടെ കിടക്കുന്നതുപോലെ തോന്നിയതാണന്നെും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.
‘ഷൂട്ടിങ്ങിന്റെ ഇടക്ക് ഒരു രണ്ട് ദിവസം ഗ്യാപ്പ് കിട്ടി. ഓണത്തിന്റെ സമയത്ത് രണ്ട് ദിവസം ഗ്യാപ്പ് കിട്ടി. ഞാന്‍ അപ്പോള്‍ ഏകദേശം പത്ത് മുപ്പത് ദിവസം അഭിനയിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എയര്‍പ്പോട്ടില്‍ വന്നിട്ട് തിരിച്ച് പോകുകയായിരുന്നു. പോകുന്ന വഴിക്ക് പെട്ടെന്ന് ഒരു പൊലീസ് ജീപ്പ് കണ്ടപ്പോള്‍ നമ്മുടെ എന്തോ സാധനം അവിടെ കിടക്കുന്നത് പോലെ തോന്നി (ചിരി)
ഇത്രയും ദിവസം അതിനകത്ത് ചെലവഴിച്ചിട്ട്, നമ്മുടെ ഒരു വണ്ടി കിടക്കുന്നതുപോലെയാണ് എനിക്ക് പൊലീസ് ജീപ്പ് കണ്ടപ്പോള്‍ തോന്നിയത്. പെട്ടന്ന് അങ്ങോട്ട് ചെന്ന് അത് എടുത്തുകൊണ്ട് പോകാന്‍, നമ്മുടെ എന്തോ ഒരു വണ്ടി സൈഡില്‍ ഒതുക്കിയിട്ട പോലെ തോന്നി,’ ദിലീഷ് പോത്തന്‍ പറയുന്നു.
Content highlight: Dileesh Pothen shares an interesting experience he had during the shooting of the movie Ronth.