പ്രേമലുവിലെ ആ റോള്‍ ഞാനാണെങ്കില്‍ ചെയ്യില്ല; എനിക്ക് കോണ്‍ഫിഡന്‍സ് കുറവാണ്: ദിലീഷ് പോത്തന്‍
Entertainment
പ്രേമലുവിലെ ആ റോള്‍ ഞാനാണെങ്കില്‍ ചെയ്യില്ല; എനിക്ക് കോണ്‍ഫിഡന്‍സ് കുറവാണ്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 2:32 pm

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ഏറെ പ്രശസ്തനായ വ്യക്തിയാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകനായി മാറുന്നത്.

2010ല്‍ 9 കെ.കെ. റോഡ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീഷ് പോത്തന്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് ആഷിഖ് അബുവിന്റെ അസോസിയേറ്റ് ഡയറക്ടറായി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ദിലീഷ് പോത്തന് സാധിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു ചിത്രത്തിന്റെ മറ്റ് നിര്‍മാതാക്കള്‍. പ്രേമലുവിന്റെ അവസാനം ഗുണ്ടയായി ശ്യാം പുഷ്‌ക്കരന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍.

‘ആ കഥാപാത്രമായി ശ്യാം വേണം എന്നത് ഗിരീഷിന്റെ നിര്‍ബന്ധമായിരുന്നു. ആദ്യം മുതല്‍ക്കേ ശ്യാമിനോട് ഗിരീഷ് ആ റോളിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. എനിക്കാണ് ബാക്കിയുള്ള ആളുകളെക്കാള്‍ കോണ്‍ഫിഡന്‍സ് കുറവ്.

ഞാന്‍ ആണെങ്കില്‍ ചെയ്യില്ല (ചിരി). ഞാന്‍ എന്റെ കൂടെയുള്ള പലരേയും സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ശ്യാമിനെ മാത്രം എനിക്ക് ഇതുവരെ ഒരു കഥാപാത്രത്തിലേക്കും കൊണ്ടുവരാന്‍ തോന്നിയിട്ടില്ല.

അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ആ കാര്യം ഞാന്‍ അവനോടും പറഞ്ഞിട്ടുണ്ട്. പ്രേമലുവിലെ റോള്‍ ചെയ്യാന്‍ പറഞ്ഞ സമയത്ത് ശ്യാം ചെയ്യാമെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും പറഞ്ഞിരുന്നില്ല.

ആ സീന്‍ ഷൂട്ട് ചെയ്ത ദിവസം ഞാന്‍ ഗിരീഷിനെ വിളിച്ചിരുന്നു. ‘അവന്‍ ഓക്കെ ആയോ. ഇല്ലെങ്കില്‍ മാറ്റാം’ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ഗിരീഷ് പറഞ്ഞത് ‘ശ്യാം നന്നായി ചെയ്തു. ഞെട്ടിച്ചു’ എന്നാണ്,’ ദിലീഷ് പോത്തന്‍ പറയുന്നു.


Content Highlight: Dileesh Pothan Talks About Shyam Pushkaran And Premalu