വളരെ ഡെഡിക്കേറ്റഡായ നടന്‍; സിനിമയല്ലാതെ അവന്റെ മനസില്‍ മറ്റൊന്നുമില്ല: ദിലീഷ് പോത്തന്‍
Entertainment
വളരെ ഡെഡിക്കേറ്റഡായ നടന്‍; സിനിമയല്ലാതെ അവന്റെ മനസില്‍ മറ്റൊന്നുമില്ല: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 9:07 am

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായി മാറിയ വ്യക്തിയാണ് ദിലീഷ് പോത്തന്‍. സംവിധാനത്തിന് പുറമെ അഭിനയത്തിലും സിനിമാ നിര്‍മാണത്തിലും കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം.

ഇപ്പോള്‍ ദിലീഷ് പോത്തന്‍ അഭിനയിച്ച് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റോന്ത്. ഷാഹി കബീര്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തിജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്.

യോഹന്നാന്‍ എന്ന പരുക്കനായ പൊലീസുകാരനായാണ് ദിലീഷ് പോത്തന്‍ എത്തുന്നത്. അതേസമയം ദിന്‍നാഥ് എന്ന പൊലീസ് ഡ്രൈവറായി അഭിനയിക്കുന്നത് നടന്‍ റോഷന്‍ മാത്യുവാണ്. ഇപ്പോള്‍ റോഷനെ കുറിച്ച് പറയുകയാണ് ദിലീഷ്.

റോഷനൊപ്പമുള്ള അനുഭവം നന്നായിരുന്നുവെന്നും വളരെ ഡെഡിക്കേറ്റഡായ നടനാണ് അവനെന്നും ദിലീഷ് പോത്തന്‍ പറയുന്നു. റോന്ത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റോഷന്‍ മാത്യുവിന്റെ കൂടെയുള്ള എക്‌സ്പീരിയന്‍സ് വളരെ നല്ലതായിരുന്നു. അവന്റെ കൂടെ നല്ല അനുഭവമായിരുന്നു. വളരെ ഡെഡിക്കേറ്റഡായ നടനാണ് അവന്‍. സിനിമയല്ലാതെ മറ്റൊന്നും അവന്റെ മനസില്‍ ഇല്ല എന്നതാണ് സത്യം,’ ദിലീഷ് പോത്തന്‍ പറയുന്നു.

റോന്ത്:

ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പറയുന്നത് ഒരു രാത്രി പെട്രോളിങ്ങിനിറങ്ങുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ്.

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ക്ക് പുറമെ സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി തുടങ്ങിയവരും സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Content Highlight: Dileesh Pothan Talks About Roshan Mathew