വ്യത്യസ്തമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ദിലീഷ് പോത്തന്‍ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററില്‍ എത്തിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സെക്രട്ടറി അവറാന്‍ എന്ന ശക്തമായ കഥാപാത്രമായിട്ടാണ് ദിലീഷ് എത്തിയത്.
സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സെക്രട്ടറി അവറാന്റേത്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു റൈഫിള്‍ ക്ലബിന്റെ കഥ എഴുതിയത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് ദിലീഷ് പോത്തന്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയത് ഏറ്റവും വലിയ സന്തോഷമുള്ള കാര്യമാണ്. ആദ്യമായാണ് ഞാന്‍ ലീഡ് ചെയ്യുന്ന ഒരു കഥാപാത്രവും പടവും ഇത്ര ശ്രദ്ധിക്കപ്പെടുന്നത്. ഞാന്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ അധികം ചെയ്തിട്ടില്ല. അത്ര മാസീവായിട്ടുള്ള ഒരു കഥാപാത്രം ഞാന്‍ ചെയ്തിട്ടില്ല.
അങ്ങനെയുള്ള ഒരു സിനിമ വന്നതും അത് തിയേറ്ററില്‍ നല്ല രീതിയില്‍ പോകുന്നതും സന്തോഷം തരുന്ന കാര്യമാണ്. പിന്നെ ആഷിക്കേട്ടന്റെയും ശ്യാമിന്റെയും കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്.
എനിക്ക് വളരെ അടുത്ത് അറിയുന്ന ആളുകളാണ് അവര്‍. എന്റെ സുഹൃത്തുക്കളാണ്. അവരോടൊപ്പം ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ അത് വലിയ സന്തോഷമാണ് നല്‍കിയത്. അങ്ങനെയൊരു ക്രൂവിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ കുറച്ച് കൂടെ ക്ലാരിറ്റി ഉണ്ടായിരുന്നു.
ഇംപ്രവൈസേഷന് ഫ്രീഡം കൂടുതല്‍ ഉണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍, അങ്ങനെ ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് അവരുടെ സിനിമയെ പറ്റി ഒരു ക്ലാരിറ്റിയുണ്ട്. ഇംപ്രവൈസേഷനുള്ള സ്‌പേസ് എല്ലായിടത്തും ഉണ്ടാകും. മിക്ക സിനിമകളിലും നമ്മള്‍ എന്തെങ്കിലും സജക്ഷന്‍സ് പറഞ്ഞു കഴിഞ്ഞാല്‍ സ്വീകരിക്കപ്പെടാറുണ്ട്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
Content Highlight: Dileesh Pothan Talks About Rifle Club Movie