എനിക്ക് പ്രേമലു പോലെയൊരു സിനിമ ചെയ്യാന്‍ പറ്റില്ലായിരിക്കാം; അത് പ്രൊഡ്യൂസ് ചെയ്യാനൊരു കാരണമുണ്ട്: ദിലീഷ് പോത്തന്‍
Entertainment
എനിക്ക് പ്രേമലു പോലെയൊരു സിനിമ ചെയ്യാന്‍ പറ്റില്ലായിരിക്കാം; അത് പ്രൊഡ്യൂസ് ചെയ്യാനൊരു കാരണമുണ്ട്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 3:27 pm

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ഏറെ പ്രശസ്തനായ വ്യക്തിയാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകനായി മാറുന്നത്.

2010ല്‍ 9 കെ.കെ. റോഡ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീഷ് പോത്തന്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് ആഷിഖ് അബുവിന്റെ അസോസിയേറ്റ് ഡയറക്ടറായി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ദിലീഷ് പോത്തന് സാധിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

പ്രേമലു സംവിധായകന്‍ ഗിരീഷ് എ.ഡി എങ്ങനെയാണ് തന്നെ ഈ സിനിമ ചെയ്യാന്‍ കണ്‍വീന്‍സ് ചെയ്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ദിലീഷ് പോത്തന്‍. തന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ റോന്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരു കൊമേഷ്യല്‍ സിനിമ സംവിധാനം ചെയ്തിട്ടില്ല. വലിയ കോമഡി പടങ്ങളൊന്നും ചെയ്തിട്ടില്ല. അങ്ങനെ പറയുമ്പോഴും, അത്തരം സിനിമകള്‍ ആസ്വദിക്കാത്ത ആളല്ല ഞാന്‍. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാത്തരം സിനിമകളും കാണാറുണ്ട്.

കാണുന്ന സിനിമകളൊക്കെയും ഞാന്‍ ആസ്വദിക്കാറുമുണ്ട്. പ്രേമലു കണ്ടാല്‍ ഞാന്‍ ചിരിക്കും. എനിക്ക് ഒരുപക്ഷെ പ്രേമലു പോലെയൊരു സിനിമ ചെയ്യാന്‍ പറ്റില്ലായിരിക്കാം. പക്ഷെ അത് എനിക്ക് അത്തരം സിനിമകള്‍ ആസ്വദിക്കാനുള്ള തടസമല്ല.

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് പ്രേമലു. അതിന്റെ പ്ലോട്ട് കേട്ടപ്പോള്‍ ആ സിനിമക്ക് ഒരു സാധ്യതയുണ്ടെന്ന് എനിക്ക് മനസിലായി. പിന്നെ ഗിരീഷ് എ.ഡി എന്ന ഫിലിംമേക്കറിനോടുള്ള ഒരു വിശ്വാസം കൂടിയാണ് പ്രേമലുവെന്ന ആ സിനിമ,’ ദിലീഷ് പോത്തന്‍ പറയുന്നു.


Content Highlight: Dileesh Pothan Talks About Premalu And Gireesh AD