തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അപർണ ബാലമുരളി, അനുശ്രീ, ലിജോമോൾ ജോസ് എന്നിവരാണ് നായികമാരായി എത്തിയത്. ദേശീയ പുരസ്‌കാരങ്ങൾ അടക്കമുള്ള നിരവധി അംഗീകാരങ്ങൾ മഹേഷിന്റെ പ്രതികാരത്തെ തേടിയെത്തിയിരുന്നു.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. ചിത്രത്തിൽ മഹേഷിന്റേയും സൗമ്യയുടേയും ചെറുപ്പകാലം കാണിക്കുന്ന രംഗം തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണെന്ന് ദിലീഷ് പോത്തൻ പറയുന്നു.
താൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്തിരുന്ന സുഹൃത്ത് തനിക്ക് ക്ലാസിൽ ഏത് പെൺകുട്ടിയെ ആണ് ഇഷ്ടമെന്ന് ചോദിച്ചെന്നും താൻ ഒരാളുടെ പേര് പറഞ്ഞപ്പോൾ കൂട്ടുകാരൻ ഉടനെ അത് ടീച്ചറോട് പറഞ്ഞെന്നും ദിലീഷ് പോത്തൻ പറഞ്ഞു. ആ അനുഭവമാണ് മഹേഷ് സൗമ്യയെ പ്രൊപ്പോസ് ചെയ്യുന്നതായി സിനിമയിൽ കാണിച്ചതെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു.
‘മഹേഷിന്റെ പ്രതികാരത്തിന്റെ ട്രെയ്‌ലർ നമ്മൾ പുറത്ത് വിട്ടപ്പോൾ അതിൽ ആദ്യം കാണിച്ച സീൻ ആയിരുന്നു ക്ലാസിൽ രണ്ട് കുട്ടികൾ ഇരുന്നിട്ട് ‘നിനക്ക് ഇവിടെ ഏറ്റവും ഇഷ്ടപെട്ട പെൺകുട്ടിയേതാണ്’ എന്ന് കൂട്ടുകാരൻ മഹേഷിനെ തോണ്ടി ചോദിക്കുകയും മഹേഷ് സൗമ്യ എന്ന് പറയുകയും ചെയ്യുന്ന സീൻ. അതായത് മഹേഷിന്റേയും സൗമ്യയുടേയും കുട്ടിക്കാലം കാണിക്കുന്ന സീക്വൻസ്.
അത് എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ്. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അടുത്തിരുന്ന കൂട്ടുകാരൻ എന്നെ തൊണ്ടിയിട്ട് ‘ആ നിനക്ക് ഈ ക്ലാസിൽ ഏത് പെൺകുട്ടിയോടാണ് ഇഷ്ടമെന്ന് ചോദിക്കുകയും ഞാൻ അപ്പോൾ അടുത്തുള്ള കുട്ടികളെയെല്ലാം നോക്കി അപ്പോൾ ഇഷ്ടപെട്ട ഒരു പെൺകുട്ടിയുടെ പേര് പറയുകയും ചെയ്തു. അവൻ ഉടനെ എഴുന്നേറ്റ് ടീച്ചറെ ഇവന് ആ കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞു. ആ സംഭവമാണ് മഹേഷിന്റെ പ്രതികാരത്തിൽ മഹേഷ് സൗമ്യയെ പ്രൊപ്പോസ് ചെയ്യുന്നതുപോലെ ഉള്ള സീനിൽ ഉപയോഗിച്ചത്,’ ദിലീഷ് പോത്തൻ പറയുന്നു.