ഒരു സിനിമ കൊമേഴ്ഷ്യലി വിജയിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന ബോധ്യമുണ്ടാക്കിയത് ആ ഫഹദ് ഫാസില്‍ ചിത്രം: ദിലീഷ് പോത്തന്‍
Entertainment
ഒരു സിനിമ കൊമേഴ്ഷ്യലി വിജയിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന ബോധ്യമുണ്ടാക്കിയത് ആ ഫഹദ് ഫാസില്‍ ചിത്രം: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th December 2024, 10:25 pm

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ആഷിഖ് അബു നിര്‍മിച്ച ഈ സിനിമ ദിലീഷിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു. ഫഹദ് ഫാസില്‍ ടൈറ്റില്‍ റോളില്‍ എത്തിയ സിനിമയില്‍ അപര്‍ണ ബാലമുരളി, അനുശ്രീ, അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു മലയാള സിനിമ കൂടെയാണ് മഹേഷിന്റെ പ്രതികാരം. ഈ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരു വിജയ ചിത്രമായിരുന്നെന്നും അത് താന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തിയേറ്ററില്‍ ഓടിയിരുന്നെന്നും അദ്ദേഹം പറയുന്നു.

ഒരു സിനിമയ്ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ 50 ദിവസം ഓടേണ്ട സിനിമയാവണമെന്ന് ആ സമയത്ത് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ തന്റെ രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എത്തിയപ്പോള്‍ നല്ലൊരു സിനിമയായാല്‍ മതിയെന്നായി ചിന്തയെന്നും ദിലീഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരു വിജയ ചിത്രമായിരുന്നു. ആ സിനിമ ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തിയേറ്ററില്‍ ഓടിയിരുന്നു. ഞാന്‍ ഉടനെ തന്നെ അടുത്ത സിനിമയ്ക്ക് വേണ്ടി ശ്രമിക്കുകയായിരുന്നു. ആ സമയത്ത് ആളുകള്‍ മഹേഷിന്റെ പ്രതികാരം നല്ല സിനിമയാണെന്ന് പറയുന്നത് കേട്ടു.

കൊമേഴ്ഷ്യലി വിജയിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന ബോധ്യമാണ് എന്റെയുള്ളില്‍ അതുണ്ടാക്കിയത്. മഹേഷിന്റെ സക്‌സസ് എനിക്ക് ഉണ്ടാക്കിയ മാറ്റം അതായിരുന്നു. ഒരു സിനിമയ്ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ 50 ദിവസം ഓടേണ്ട സിനിമയാവണമെന്ന് മഹേഷിന്റെ സമയത്ത് ആഗ്രഹിച്ചിരുന്നു.

എന്നാല്‍ തൊണ്ടിമുതലില്‍ എത്തിയപ്പോള്‍ നല്ലൊരു സിനിമയായാല്‍ മതിയെന്നായി ചിന്ത. കൊമേഴ്ഷ്യലി 25 ആയാലും കുഴപ്പമില്ലെന്നൊരു കോണ്‍ഫിഡന്‍സാണ് മഹേഷിന്റെ പ്രതികാരം എനിക്ക് നല്‍കിയത്. പിന്നെ ഞാന്‍ വളരെ പെട്ടെന്ന് തന്നെ തൊണ്ടിമുതലിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan Talks About Maheshinte Prathikaram Movie