ആളുകള്‍ എന്നോട് സംസാരിക്കാറുള്ളത് ആ കഥാപാത്രത്തെ പറ്റി; എന്നെ സ്വാധീനിച്ച വേഷം: ദിലീഷ് പോത്തന്‍
Entertainment
ആളുകള്‍ എന്നോട് സംസാരിക്കാറുള്ളത് ആ കഥാപാത്രത്തെ പറ്റി; എന്നെ സ്വാധീനിച്ച വേഷം: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 6:38 am

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ഏറെ പ്രശസ്തനായ വ്യക്തിയാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകനായി മാറുന്നത്.

2010ല്‍ 9 കെ.കെ. റോഡ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീഷ് പോത്തന്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് ആഷിഖ് അബുവിന്റെ അസോസിയേറ്റ് ഡയറക്ടറായി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ദിലീഷ് പോത്തന് സാധിച്ചു. ഇപ്പോള്‍ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.

ഷാഹി കബീര്‍ തിരക്കഥ രചിച്ച് 2018ല്‍ പുറത്തിറങ്ങിയ ജോസഫ് സിനിമയിലെ പീറ്റര്‍ എന്ന തന്റെ കഥാപാത്രത്തെ കുറിച്ചാണ് ദിലീഷ് പോത്തന്‍ പറയുന്നത്. പീറ്ററിനെ കുറിച്ചുള്ള എഴുത്തുകള്‍ ഇപ്പോഴും കാണാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ ഏറ്റവും പുതിയ റോന്ത് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ദിലീഷ്. ജോസഫിന്റെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ സംവിധാനം ചെയ്ത് എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് റോന്ത്.

‘ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ പലപ്പോഴും അതില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് ജോസഫ് സിനിമയിലെ പീറ്റര്‍ എന്ന കഥാപാത്രം.

ആ സിനിമ കണ്ടിട്ടുള്ള ആളുകളെ എവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ അവര്‍ കൂടുതലും പറയുന്നത് പീറ്ററിനെ കുറിച്ചാണ്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ ആ കഥാപാത്രത്തെ ഓര്‍മിക്കുന്നുണ്ട്. പീറ്ററിനെ കുറിച്ചുള്ള എഴുത്തുകള്‍ ഇന്നും ഫേസ്ബുക്കിലൊക്കെ കാണാറുണ്ട്.

ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ എന്നെ ആ കഥാപാത്രം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പീറ്ററിന് ശേഷം ഷാഹി എനിക്ക് തരുന്ന സിനിമയാണ് റോന്ത്. അതില്‍ യോഹന്നാന്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്,’ ദിലീഷ് പോത്തന്‍ പറയുന്നു.


Content Highlight: Dileesh Pothan Talks About Joseph Movie