സിനിമയിലെ അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. രചയിതാവും സംവിധായകനുമായ ദിലീഷ് നായര്‍ തനിക്ക് ഹ്യൂമറാണ് നല്ലതെന്ന് പറഞ്ഞിട്ടുണ്ടെന്ന് ദിലീഷ് പോത്തന്‍ പറയുന്നു. സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം വരുന്നത് ശ്യാം പുഷ്‌കരനും ദിലീഷ് നായരും പറഞ്ഞിട്ടാണെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
‘ഞാനും ദിലീഷ് നായരും ശ്യാം പുഷ്‌കരനും തീരം എന്ന സിനിമ സംവിധാനം ചെയ്ത സഹീദ് അറാഫത്തും ചേര്‍ന്ന് വൈറ്റില ഒരു വീട് വാടകക്കെടുത്ത് താമസിച്ചു. സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴോക്കെ ആക്ഷന്‍ ത്രില്ലറുകളെ കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്.
ദിലീഷ് നായരാണ് എന്നോട് പറയുന്നത്. ‘എടാ മണ്ടാ നിനക്ക് ഏറ്റവും നല്ലത് ഹ്യൂമറാണ്’ എന്നെല്ലാം. ഞാന്‍ നന്നായി ഹ്യൂമര്‍ പറയുന്നുണ്ട് എന്നൊക്കെ അവന്‍ പറഞ്ഞു. സത്യത്തില്‍ അതുവരെ ഞാനങ്ങനെ ചിന്തിച്ചിരുന്നില്ല. അവന്റെ പ്രസ്താവന എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. വഴിക്ക് ചിന്തിക്കാന്‍ തുടങ്ങി.
ദിലീഷും ശ്യാമും കൂടി എഴുതുന്നു. ഞാന്‍ സംവിധാനം ചെയ്യുന്നു എന്നൊക്കെയായി ചിന്ത. അപ്പോഴും എന്നെ എന്തിനാണ് സംവിധായകനാക്കുന്നതെന്ന് ഞാന്‍ ചോദിക്കും. എന്നെ കണ്ടാല്‍ ഒരു സംവിധായകന്റെ ലുക്കൊക്കെ ഉണ്ടെന്നായിരുന്നു അവരുടെ വിശദീകരണം. നിര്‍മാതാവിന്റെ അടുത്ത് പോവുമ്പോള്‍ ഒരു ലുക്കൊക്കെ വേണമെല്ലോ? അല്പം താടിയൊക്കെ നീട്ടി ഗൗരവത്തോടെ സംസാരിച്ചാല്‍ ഒരു സംവിധായകനാണെന്ന് പറഞ്ഞാല്‍ നിര്‍മാതാക്കള്‍ വിശ്വസിക്കുമെന്നും അതുവെച്ച് മാര്‍ക്കറ്റ് ചെയ്യാമെന്നുമായിരുന്നു ഐഡിയ.
ആ ഒരു ലുക്കാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ഉപയോഗിച്ചത്. ശ്യാമും ദിലീഷ് നായരും ചേര്‍ന്നാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ കഥയെഴുതിയത്. അവര്‍ പറഞ്ഞു, ഇതില്‍ ഒരു സംവിധായകന്റെ റോള്‍ ഉണ്ട്. അത് എനിക്ക് ഇണങ്ങുമെന്നെല്ലാം. അവരാണ് എന്നെ ആഷിഖിന്റെ മുന്നില്‍ കൊണ്ടുപോവുന്നത്.
അങ്ങനെ ഒട്ടും നിനച്ചിരിക്കാതെ ഒരു നടനായി ഞാന്‍ സിനിമയില്‍ അരങ്ങേറി. കാലടിയില്‍ നിന്ന് നാടകത്തില്‍ അഭിനയിച്ച് കിട്ടിയ ധൈര്യം വെച്ചാണ് സിനിമയില്‍ അഭിനയിച്ചത്. മറിച്ചായിരുന്നെങ്കില്‍ ഞാനതിന് മുതിരുകയേ ഇല്ലായിരുന്നു,’ ദിലീഷ് പോത്തന്‍ പറയുന്നു.