പ്രേമലുവിന് ചെലവ് 10 കോടി; മൂന്ന് കോടി എന്നത് തെറ്റായ കണക്ക്: ദിലീഷ് പോത്തന്‍
Malayalam Cinema
പ്രേമലുവിന് ചെലവ് 10 കോടി; മൂന്ന് കോടി എന്നത് തെറ്റായ കണക്ക്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th July 2025, 12:03 pm

ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച് 2024 ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായി തീര്‍ന്ന ചിത്രമാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹനന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തിന്റെ നിര്‍മാണം ഭാവനാ സ്റ്റുഡിയോസ് ആയിരുന്നു. 138 കോടിയോളമാണ് പ്രേമലു ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്. സാക്ഷാല്‍ രാജമൗലി വരെ പ്രശംസിച്ച ഈ ചിത്രം തെലുങ്കിലും തമിഴിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.


ചെറിയ ബഡ്ജറ്റില്‍ വന്ന് വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കി എന്ന വിശേഷണം പ്രേമലുവിന് ഉണ്ട്. ഇപ്പോള്‍ പ്രേമലുവിന്റെ മുടക്കുമുതലുമായി ബന്ധപ്പെട്ടും സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചും സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍.

പ്രേമലു പത്ത് കോടിയുടെ അടുത്ത്  ചെലവ്‌ വന്നിട്ടുള്ള സിനിമയാണെന്നും എട്ട് കോടിക്കും പത്ത് കോടിക്കുമിടയില്‍ സിനിമയുടെ ബഡ്ജറ്റ് വന്നിട്ടുണ്ടെന്നും ദിലീഷ് പോത്തന്‍ പറയുന്നു. മൂന്ന് കോടിയാണ് സിനിമയുടെ  ചെലവ്‌ വന്നിട്ടുള്ളത് എന്നത് തെറ്റായ വാര്‍ത്തയാണെന്നും ആ കണക്കുകള്‍ എല്ലാം തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ചില സാങ്കേതീക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേമലു പത്ത് കോടിയുടെ അടുത്ത് ചെലവ്‌ വന്നിട്ടുള്ള സിനിമയാണ്. കൃത്യമായി എനിക്ക് ഓര്‍മയില്ല. പക്ഷേ ഒരു എട്ടിനും പത്തിനുമിടയില്‍ ചെലവ്‌ വന്നിട്ടുള്ള സിനിമയാണ്. മൂന്ന് കോടിയിലാണ് തീര്‍ത്തത് ഏറ്റവും ലാഭമുണ്ടാക്കിയ സിനിമ എന്നൊക്കെ പറയുന്ന കണക്ക് തെറ്റാണ്. അത് തെറ്റായ ധാരണയാണ്. തെറ്റായ വാര്‍ത്തയാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലു ടു ഉടനെ ഉണ്ടാകില്ല,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content highlight:  Dileesh Pothan says that for premalu we spent ten crores