ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമ കാണുന്നത്, ഇടവേള ബാബു പറഞ്ഞത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം: ദിലീഷ് പോത്തന്‍
Film News
ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമ കാണുന്നത്, ഇടവേള ബാബു പറഞ്ഞത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd January 2023, 9:02 pm

 

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ പറ്റിയുള്ള നടന്‍ ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമയെ കാണുന്നതെന്നും ഇടവേള ബാബുവിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും ദിലീഷ് പറഞ്ഞു. സിനിമയുടെ സ്വാധീനം വ്യക്തിപരമാണെന്നും ഇന്ന രീതിയില്‍ പ്രതികരണം നടത്തണമെന്ന് സംവിധായകന് വാശി പിടിക്കാനാവില്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. തങ്കം എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റില്‍ വെച്ചായിരുന്നു പ്രതികരണം.

‘ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമയെ കാണുന്നത്. വളരെ വ്യക്തിപരമായ അഭിപ്രായമായിരിക്കും ഓരോരുത്തര്‍ക്കും സിനിമയെ കുറിച്ചുള്ളത്. അത് നല്ലതോ ചീത്തയോ എങ്ങനെയാണെങ്കിലും സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെ തന്നെ എന്റെ സിനിമയെ എല്ലാവരും കാണണം, എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ തന്നെ ഇതിനോട് പ്രതികരിക്കണം എന്ന് ഒരു ഫിലിം മേക്കര്‍ വാശി പിടിക്കുന്നതില്‍ കാര്യമില്ല. സിനിമ കണ്ടിട്ട് ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാം. അവരെ അത് എങ്ങനെ സ്വാധീനിച്ചു എന്നുള്ളത് വളരെ വ്യക്തിപരമാണ്. ബാബു ചേട്ടന് അത് പറയാനുള്ള സ്വതന്ത്ര്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ദിലീഷ് പറഞ്ഞു.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. സിനിമയില്‍ ആര്‍ക്കും നന്ദി പറയുന്നില്ലെന്നും പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അത്ഭുതം തോന്നിയെന്നും ഇടവേള ബാബു പറഞ്ഞു.

‘ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. ഈ സിനിമ ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ? പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല.

ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അത്ഭുതം തോന്നിയകത് പ്രേക്ഷകന്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്,’ ഇടവേള ബാബു പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ ഇടവേള ബാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

Content Highlight: Dileesh Pothan reacts to the remarks of Evala Babu