കുട്ടികള്‍ കാണരുതാത്ത സിനിമകള്‍ അവരെ കാണിക്കാതിരിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുണ്ട്: ദിലീഷ് പോത്തന്‍
Entertainment
കുട്ടികള്‍ കാണരുതാത്ത സിനിമകള്‍ അവരെ കാണിക്കാതിരിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുണ്ട്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th March 2025, 1:33 pm

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നിങ്ങനെ വെറും മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകനായി മാറിയ ആളാണ് ദിലീഷ് പോത്തന്. തന്റെ ചിത്രങ്ങളിലൂടെ സിനിമകാണുന്നവരുടെ മനസില് എന്തെങ്കിലുമൊന്ന് ബാക്കി വെക്കാന് അദ്ദേഹത്തിന് കഴിയാറുണ്ട്.

സംവിധാനത്തിന് പുറമേ അഭിനയത്തിലും ദിലീഷ് പോത്തന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത സാള്ട്ട് ആന്ഡ് പെപ്പര് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് വന്നത്. നിര്മാതാവെന്ന നിലയിലും അദ്ദേഹത്തിന് തന്റേതായ സ്ഥാനം മലയാള സിനിമയിലുണ്ട്.

ഇപ്പോള് കേരളത്തിലാകെ ചര്ച്ച വിഷയമായിരിക്കുന്ന സിനിമയിലെ വയലന്സിനെ പറ്റിയും, കുട്ടികളില് വയലന്സുണ്ടാകുന്നതില് സിനിമക്കെന്തെങ്കിലും പങ്കുണ്ടോ എന്നതിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. കുട്ടികള് കാണരുതെന്ന് പറഞ്ഞുകൊണ്ട് വരുന്ന സിനിമകള് അവരെ കൊണ്ട് കാണിക്കരുതെന്നും അത്തരം കാര്യങ്ങള് രക്ഷിതാക്കള് ഉള്പ്പെടെയുള്ളവര് ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതാണെന്നും അതിന് സിനിമകളേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

സന്ദേശമുള്ള നല്ല എത്രയെത്ര സിനിമകള് വരുന്നുണ്ടെന്നും, എന്തുകൊണ്ട് അതൊന്നും ആരെയും സ്വാധീനിക്കുന്നില്ലെന്നും സിനിമകള് മാത്രമാണ് എല്ലാവരെയും സ്വാധീനിക്കുന്നതെങ്കില് സമൂഹം എപ്പോഴേ നന്നാകേണ്ടതാണെന്നും അദ്ദേഹം പറയുന്നു. നല്ല സന്ദേശമുള്ള സിനിമകള് തീയേറ്ററില് കാണിച്ചിട്ട് ആരും കാണാനില്ലാത്ത അവസ്ഥയാണെന്നും ദിലീഷ് പോത്തന് പറയുന്നു.

‘കുട്ടികള് കാണേണ്ട സിനിമകള് കുട്ടികളെ കാണിക്കുക. കുട്ടികള് കാണേണ്ടാത്ത സിനിമകള് കുട്ടികളെ കാണിക്കാതിരിക്കുക. അത് രക്ഷിതാക്കളുടെകൂടെ ഉത്തരവാദിത്തമാണ്. അഡള്ട്ട് സിനിമയാണെന്ന് പരസ്യം ചെയ്ത് പുറത്ത് വരുന്ന ചിത്രങ്ങള്, രക്ഷിതാക്കള് കുട്ടികളുമായി വന്ന് കണ്ടിട്ട് സിനിമയെ കുറ്റം പറയുന്നതില് അര്ത്ഥമില്ലന്നാണ് എനിക്ക് തോന്നുന്നത്.

അങ്ങനെയാണെങ്കില് സിനിമയെന്തെല്ലാം നല്ല സന്ദേശങ്ങള് സമൂഹത്തിന് കൊടുക്കുന്നു അപ്പോള് സമൂഹമൊക്കെ എപ്പോഴേ നന്നാകണ്ടതാണ്. എത്രയോ നല്ല സിനിമകള് വരുന്നു. മോശം സിനിമകള് സ്വാധീനിക്കുന്നപോലെ തന്നെ നല്ലതും അപ്പോള് സ്വാധീനിക്കുന്നില്ലേ. അതുകൊണ്ട് എനിക്കിതില് വലിയ വിശ്വാസമില്ല.

എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാന് പറഞ്ഞത്. നല്ല കാര്യങ്ങള് ചെയ്യുമ്പോള് അതും സ്വാധീനിക്കേണ്ടതല്ലേ. നല്ലൊരു സന്ദേശമുള്ള സിനിമ ചെയ്യുകയാണെങ്കില് അത് കാണാന് തയേറ്ററില് ആളുകള് പോലുമില്ല. അതാണ് അവസ്ഥ,’ദിലീഷ് പോത്തന് പറഞ്ഞു.

Content Highlight: Dileesh Pothan express his views on influence of cinema in kids