സിനിമയില്‍ മാത്രമല്ല, സ്റ്റേജിലും 'കോമാളി'യാകുകയാണല്ലോ, ദിലീപിന്റെ സ്റ്റേജ് ഷോ പെര്‍ഫോമന്‍സിനെ ട്രോളി സോഷ്യല്‍ മീഡിയ
Entertainment
സിനിമയില്‍ മാത്രമല്ല, സ്റ്റേജിലും 'കോമാളി'യാകുകയാണല്ലോ, ദിലീപിന്റെ സ്റ്റേജ് ഷോ പെര്‍ഫോമന്‍സിനെ ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd April 2025, 12:35 pm

ഓരോ സിനിമ റിലീസാകുംതോറും തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്ന നടനാണ് ദിലീപ്. അവസാനമിറങ്ങിയ നാല് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ പരാജയമായ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലെ ഗാനത്തിന് ഒരുപാട് വിമര്‍ശനങ്ങളുണ്ടായിരുന്നു. 15 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബേഡിഗാര്‍ഡിലെ അതേ മാനറിസം തന്നെയായിരുന്നു ദിലീപ് പുതിയ പാട്ടിലും ആവര്‍ത്തിച്ചത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ദിലീപിന്റെ പുതിയ സ്റ്റേജ് ഷോയാണ്. ഖത്തറില്‍ നടന്ന സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ ‘സോനാരേ’ എന്ന പാട്ടിന് ദിലീപ് നടത്തിയ ഡാന്‍സിന് കൂട്ട പരിഹാസമാണ് ലഭിക്കുന്നത്.

അന്നത്തെ അതേ സ്റ്റെപ്പ് റീക്രിയേറ്റ് ചെയ്തപ്പോള്‍ കൈയടിക്കുമെന്ന് വിചാരിച്ചവര്‍ കളിയാക്കുകയാണ് ചെയ്യുന്നത്. സിനിമയിലെ കോമാളിക്കളി സ്‌റ്റേജിലും ആവര്‍ത്തിക്കുകയാണെന്നാണ് പലരും കമന്റ് ചെയ്തത്. ‘ഇതൊക്കെ കണ്ട് ചിരിക്കുന്നവരുടെ കാലം കഴിഞ്ഞെന്ന് ആരെങ്കിലും ദിലീപിന് പറഞ്ഞുകൊടുക്ക്’ എന്നും കമന്റുകളുണ്ട്.

ഡാന്‍സ് ചെയ്ത് റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ അലിന്‍ ജോസ് പെരേരയുമായും ദിലീപിനെ താരതമ്യം ചെയ്യുന്നുണ്ട്. അലിന്‍ ജോസിന്റെ ഓഡിയോയും ദിലീപിന്റെ ഡാന്‍സും മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോയും വൈറലാണ്. അലിന്‍ ജോസ് പെരേര സീനിയര്‍ എന്നും ഡാന്‍സിന് താഴെ കമന്റ് ചെയ്യുന്നവരുണ്ട്.

ദിലീപിന്റെ അവസാനമിറങ്ങിയ നാല് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പവി കെയര്‍ടേക്കറിന്റെ കഥയില്‍ അനാവശ്യമായ കോമഡി വന്നതാണ് തിരിച്ചടിയായതെന്ന് സംവിധായകന്‍ വിനീത് അടുത്തിടെ പറഞ്ഞിരുന്നു. സ്ലാപ്സ്റ്റിക് കോമഡി എന്ന പേരില്‍ പഴയകാല നമ്പറുകളായിരുന്നു പവി കെയര്‍ടേക്കറില്‍ ദിലീപ് കാണിച്ചത്.

ഇനി പുറത്തിറങ്ങാനുള്ള പ്രിന്‍സ് ആന്‍ഡ് ഫാമിലി ദിലീപിന്റെ യഥാര്‍ത്ഥ തിരിച്ചുവരവായിരിക്കുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ജോണി ആന്റണി തുടങ്ങിയവരാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലെ മറ്റ് താരങ്ങള്‍.

Content Highlight: Dileep’s new stage show getting trolled by social media