ഓരോ സിനിമ റിലീസാകുംതോറും തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്ന നടനാണ് ദിലീപ്. അവസാനമിറങ്ങിയ നാല് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയമായ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ദിലീപ് തന്നെയാണ്.
അഫ്‌സല്‍ ആലപിച്ച ആദ്യഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കാലങ്ങളായി ദിലീപ് ചിത്രങ്ങളില്‍ റൊമാന്റിക് എന്ന പേരില്‍ കാണിക്കുന്ന അതേ ചേഷ്ടകളാണ് പുതിയ പാട്ടിലും കാണാന്‍ സാധിക്കുന്നത്. ബോഡി ഗാര്‍ഡ് മുതല്‍ കാണുന്ന അതേ മാനറിസം യാതൊരു മാറ്റവുമില്ലാതെ ആവര്‍ത്തിക്കുകയാണ് പുതിയ പാട്ടിലും ദിലീപ് .
പ്രായത്തിന്റെ എല്ലാ മാറ്റവും മുഖത്ത് എടുത്തറിയാന്‍ കഴിയുന്ന ദിലീപ് ഇതുപോലുള്ള ചേഷ്ടകള്‍ ആവര്‍ത്തിക്കുന്നത് അരോചകമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മലയാളസിനിമ അതിന്റെ എല്ലാ ടെക്‌നിക്കല്‍ മേഖലയിലും കഥ പറച്ചിലിലും മാറ്റം കൊണ്ടുവരുമ്പോഴും അതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിലാണ് ദിലീപ് ഓരോ സിനിമയും ചെയ്യുന്നത്.
പ്രായത്തിന് ചേര്‍ന്ന രീതിയില്‍ സീരിയസായിട്ടുള്ള വേഷങ്ങള്‍ ചെയ്യാനോ, അല്ലെങ്കില്‍ സിനിമ മാറിയ രീതിക്കനുസരിച്ചുള്ള കോമഡികള്‍ ചെയ്യാനോ ദിലീപ് ശ്രമിക്കുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 2010ല്‍ നിന്ന് ഇപ്പോഴും വണ്ടി കിട്ടാതെ ദിലീപ് ചുറ്റിത്തിരിയുകയാണെന്നും ചിലര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
സ്ലാപ്സ്റ്റിക് കോമഡി എന്ന പേരില്‍ കാണിക്കുന്ന കോമാളിത്തരം കഴിഞ്ഞ രണ്ട് സിനിമകളിലും കാണാന്‍ സാധിച്ചെന്നും പ്രേക്ഷകര്‍ക്ക് ഇതൊക്കെ മതി എന്ന തോന്നലും മനസില്‍ വെച്ചുകൊണ്ടാണോ ഇത്തരം സിനിമകള്‍ ദിലീപ് ചെയ്യുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇപ്പോഴും പഴത്തൊലി തമാശകളും പോക്കറ്റില്‍ കൈ ഇട്ടു കൊണ്ടുള്ള പ്രണയ ഗാനങ്ങളും അരിപ്പൊടി വീഴുന്ന, കേക്ക് തട്ടി തെറിപ്പിക്കുന്ന, എലിയുടെ പിറകെ ഓടുന്ന, ഡബിള്‍ മീനിങ് കോമഡികള്‍ അല്ല വേണ്ടത് എന്നൊരു ചിന്ത ദിലീപിന് ഉണ്ടാകണമെന്നും ചിലര്‍ പറയുന്നുണ്ട്.
ദിലീപിന്റെ അവസാനമിറങ്ങിയ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളും ഇതുവരെ ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഏറ്റെടുത്തിട്ടില്ല. കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ വന്ന ബാന്ദ്ര 2023ലെയും യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വന്ന തങ്കമണി 2024ലെയും ഏറ്റവും വലിയ പരാജയമായി മാറിയിരുന്നു. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ബോക്‌സ് ഓഫീസ് വിധി ദിലീപിന്റെ ഭാവി നിര്‍ണയിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Dileep’s new song from Prince and Family criticizing for his old mannerisms