ലാലേട്ടനോട് രണ്ട് തവണ കഥ പറഞ്ഞു, രണ്ട് പ്രാവശ്യവും വര്‍ക്കായില്ല മൂന്നാമത് ഒരു കഥ പറഞ്ഞിട്ടുണ്ട്: ഡിജോ ജോസ് ആന്റണി
Film News
ലാലേട്ടനോട് രണ്ട് തവണ കഥ പറഞ്ഞു, രണ്ട് പ്രാവശ്യവും വര്‍ക്കായില്ല മൂന്നാമത് ഒരു കഥ പറഞ്ഞിട്ടുണ്ട്: ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th April 2024, 3:29 pm

തന്റെ ആദ്യ സിനിമയിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ ചെയ്തയാളാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ സിനിമയായ ജന ഗണ മനയിലെ രാഷ്ട്രീയം പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയായിരുന്നു. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം ഡിജോയും മോഹന്‍ലാലും തമ്മിലുള്ള പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മോഹന്‍ലാലുമായുള്ള പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡിജോ പങ്കുവെച്ചു.

മോഹന്‍ലാലിനോട് രണ്ട് കഥകള്‍ ആദ്യം സംസാരിച്ചെന്നും രണ്ടും വര്‍ക്കായില്ലെന്നും ഡിജോ പറഞ്ഞു. കഥ മുഴുവന്‍ കേട്ട് അതിനെക്കുറിച്ച് ദീര്‍ഘനേരം ചര്‍ച്ച ചെയ്തിട്ടാണ് ലാലേട്ടന്‍ ആ കഥ വേണ്ടെന്ന് വെച്ചതെന്നും ഡിജോ പറഞ്ഞു. ലാലേട്ടനോട് മൂന്നാമത് പറഞ്ഞ കഥയില്‍ കൂടുതല്‍ ഡിസ്‌കഷന്‍ നടക്കുന്നുണ്ടെന്നും ബാക്കി അപ്‌ഡേറ്റ് പിന്നാലെ വരുമെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.

‘ലാലേട്ടനോട് കഥ പറഞ്ഞു, പ്രൊജക്ട് ഉണ്ടാകും എന്നുള്ള റൂമറുകളില്‍ പകുതി സത്യമാണ്. ലാലേട്ടനുമായി ആഡ് ഫിലിംസ് ചെയ്തപ്പോള്‍ സംസാരിച്ചു. നല്ല കഥകളുണ്ടെങ്കില്‍ ചെയ്യാമെന്ന് അന്ന് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തോട് രണ്ട് കഥകള്‍ പറഞ്ഞു, രണ്ടും വര്‍ക്കായില്ല. ഷാരിസ് ആ സമയത്ത് ഉണ്ടായിരുന്നില്ല. ആ കഥകള്‍ രണ്ടും അദ്ദേഹത്തിന് വര്‍ക്കായില്ല.

പുള്ളി കഥ കേട്ടയുടനെ നോ പറയുന്ന ആളല്ല, ആ കഥയെപ്പറ്റി കൂടുതല്‍ ഡിസ്‌കസ് ചെയ്ത ശേഷമാണ് വര്‍ക്കാകുമോ ഇല്ലയോ എന്നുള്ള കണ്‍ക്ലൂഷനിലേക്കെത്തുന്നത്. മൂന്നാമത് ഞാനൊരു കഥ പറഞ്ഞു. അതില്‍ ഡിസ്‌കഷന്‍സ് നടക്കുന്നുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനായിട്ടില്ല. ബാക്കിയുള്ള വിവരങ്ങള്‍ വഴിയെ അറിയിക്കാം,’ ഡിജോ പറഞ്ഞു.

നിവിന്‍ പോളിയെ നായകനാക്കി ഡിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മാജിക് ഫ്രെയിംസിന്റെ ബാനിറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.

Content Highlight: Dijo Jose Antony saying that he Narrated two scripts to Mohanlal and third one is on discussion