തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക തട്ടിപ്പും അഴിമതിയും അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റു സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി, മുഖ്യമന്ത്രി തന്നെയാണ് ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവകലാശാലയുടെ പ്രോ ചാൻസലർ. ഈ സർവകലാശാലയുടെ പ്രവർത്തനത്തിന് വിവിധ പ്രോജക്ടുകളിലൂടെ ആവശ്യമായ തുക കണ്ടെത്തണമെന്ന വ്യവസ്ഥയാണ് അഴിമതിക്കാർ ദുരുപയോഗം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർവകലാശാല രൂപീകരിച്ചത് മുതൽ ഓഡിറ്റ് നടത്താത്തതാണ് അഴിമതിക്ക് കാണമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞിരുന്ന ഗ്രാഫീൻ പദ്ധതിയിൽ, പങ്കാളിയാക്കിയ ‘ഇന്ത്യ ഗ്രഫീൻ എൻജിനീയറിങ് ആൻഡ് ഇന്നൊവേഷൻ സെന്റർ’ എന്ന സ്വകാര്യ കമ്പനി ഈ പദ്ധതി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനുശേഷമാണ് പ്രവർത്തനം ആരംഭിച്ചതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
എന്നിട്ടും ഔദ്യോഗിക നടപടികൾ പൂർത്തിയാക്കും മുൻപ് ഈ തട്ടിപ്പ് സ്ഥാപനത്തിന് മുൻകൂർ പണം കൈമാറി. ഇത്രയും വലിയൊരു പദ്ധതിയിലും അഴിമതി നടത്തി എന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു.
സർവകലാശാലക്ക് കിട്ടേണ്ട പല പ്രോജക്ടുകളും അധ്യാപകർ ഉണ്ടാക്കിയ കടലാസ് കമ്പനികളുടെ പേരിൽ സർവകലാശാലയുടെ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് നടപ്പാക്കുന്നത്. പ്രോജക്ടുകൾ തട്ടിയെടുക്കുന്നതിനുവേണ്ടി ചില അധ്യാപകർ അഞ്ചിലധികം കമ്പനികൾ രൂപീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും അതീവ ഗൗരവതരമാണ്. സർവകലാശാല ശമ്പളം നൽകുന്ന ജീവനക്കാരെയാണ് ഇത്തരം കമ്പനികളുടെ പ്രവർത്തനത്തിന് ഈ അധ്യാപകർ ഉപയോഗിക്കുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഇലക്ട്രേണിക്‌സ് മന്ത്രാലയം നൽകുന്ന 94.85 കോടിക്ക് പുറമെ സംസ്ഥാന സർക്കാരിനും പദ്ധതിയിൽ മുതൽമുടക്കുണ്ട്. ഇത്രയും വലിയൊരു പദ്ധതിയിലും അഴിമതി നടത്തി എന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. ഡിജിറ്റൽ സയൻസ് പാർക്കിനായി സർവകലാശാല പാട്ടത്തിനെടുത്ത് കോടികൾ മുടക്കി നിർമിച്ച കെട്ടിടം സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് താമസിക്കാൻ നൽകിയതിന് പിന്നിലും ചിലരുടെ സാമ്പത്തിക താൽപര്യങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് കീഴിലുള്ള സർവകലാശാലയിലാണ് ഈ അഴിമതിയും വഴിവിട്ട നീക്കങ്ങളും നടക്കുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Content Highlight: Corruption in Digital University; Opposition leader demands vigilance investigation