പേട്രിയറ്റും, ധുരന്ധറും; ബോളിവുഡില്‍ സ്തുതി പാടുമ്പോള്‍, നട്ടെല്ല് വളക്കാതെ വിമര്‍ശിക്കുന്ന മോളിവുഡ്
Malayalam Cinema
പേട്രിയറ്റും, ധുരന്ധറും; ബോളിവുഡില്‍ സ്തുതി പാടുമ്പോള്‍, നട്ടെല്ല് വളക്കാതെ വിമര്‍ശിക്കുന്ന മോളിവുഡ്
അശ്വിന്‍ രാജേന്ദ്രന്‍
Monday, 4th May 2026, 4:30 pm

ഒരു പതിറ്റാണ്ടിലധികമായി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ വലിയ രീതിയിലുള്ള കടന്നുകയറ്റത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്ക് കത്രിക വെക്കുകയും വലതുപക്ഷ രാഷ്ട്രീയത്തിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നത് സെന്‍സര്‍ ബോര്‍ഡിന്റെ അജണ്ടകളിലൊന്നായി മാറിയിരിക്കുകയാണ്. വമ്പന്‍ ഹൈപ്പിലെത്തിയ വിജയ്‌യുടെ ജനനായകന്‍ മലയാള ചിത്രങ്ങളായ ഹാല്‍ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളായിരുന്നു.

അതേസമയം മോദിയുടെ കീഴിലുള്ള കേന്ദ്രഗവണ്‍മെന്റിനെ പുകഴ്ത്തിയ ചിത്രമായ രണ്‍വീര്‍ സിങ്ങിന്റെ ധുരന്ധറും തീവ്രവാദത്തിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളത്തെ ചിത്രീകരിച്ച കേരള സ്റ്റോറിയും യാതൊരു നിയന്ത്രണവുമില്ലാതെ പ്രദര്‍ശനം നടത്തിയതും സെന്‍സര്‍ ബോര്‍ഡിന്റെ ഇരട്ടത്താപ്പിന്റെ തെളിവായിരുന്നു. വമ്പന്‍ സ്‌കെയിലില്‍ ഒരുക്കിയ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ധുരന്ധറിലൂടെ തന്റെ അജണ്ട ഒളിപ്പിച്ചുകടത്തുന്നതില്‍ ആദിത്യ ധര്‍ എന്ന സംവിധായകന്‍ വലിയ രീതിയില്‍ വിജയിച്ചിരുന്നു.

ധുരന്ധര്‍ 2. Photo: X.com

ഇത്തരത്തില്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് സ്തുതി പാടാനുള്ള മാധ്യമമായി മാത്രം സിനിമ ഒതുങ്ങിപോകുന്ന കാലഘട്ടത്തിലാണ് കൃത്യമായ വിമര്‍ശനവുമായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ് തിയേറ്ററുകളിലേക്കെത്തുന്നത്. മോദി ഗവണ്‍മെന്റിന്റെ ഭരണത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച പെഗാസസ്, സഞ്ചാര്‍ സാഥി തുടങ്ങിയ സംഭവങ്ങളെ പശ്ചാത്തലമാക്കി കൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.

ഇസ്രഈലിന്റെ പക്കല്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയ പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയവരെ നിരീക്ഷിക്കാനായി ഉപയോഗിച്ചതായിരുന്നു വിവാദങ്ങളുടെ തുടക്കം. രാജ്യസുരക്ഷയുടെ പേരില്‍ ഇന്ത്യയിലെ ജേണലിസ്റ്റുകളടക്കമുള്ള പലരെയും സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കുകയായിരുന്നു. സിനിമയില്‍ പെരിസ്‌കോപ്പ് എന്ന പേരിലാണ് പെഗാസസിനെ അവതരിപ്പിച്ചത്. പേട്രിയറ്റില്‍ ജെ.പി.സോമസുന്ദരം എന്ന കേന്ദ്രമന്തി തനിക്കെതിരെ ശബ്ദിക്കുന്ന രേവതിയുടെ കഥാപാത്രത്തിനെതിരെ ഉപയോഗിക്കുന്നത് ഈ സോഫ്റ്റ് വെയറാണെന്ന് കാണാം.

സമാനമായി വലിയ എതിര്‍പ്പുകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു സഞ്ചാര്‍ സാഥി എന്ന ആപ്ലിക്കേഷന്‍. രാജ്യത്ത് വിറ്റഴിക്കുന്ന ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ഡായി ഈ ആപ്ലിക്കേഷന്‍ ചേര്‍ക്കാനായിരുന്നു കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതി. എന്നാല്‍ ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ട് ഫോണ്‍ കമ്പനികള്‍ രംഗത്തെത്തിയതോടെ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. നിലവിലെ കേന്ദ്രഗവണ്‍മെന്റിന്റെ സ്വകാര്യവത്കരണവും ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗവും ചിത്രത്തില്‍ സംവിധായകന്‍ പരാമര്‍ശിക്കുന്നുണ്ട്.

പേട്രിയറ്റ്. Photo: IMDB

അതേസമയം കേന്ദ്രസര്‍ക്കാരിനെതിരായുള്ള ഇത്രയധികം സംഭവങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടും കാര്യമായ പ്രതിസന്ധികളൊന്നുമില്ലാതെ ചിത്രത്തിന് എങ്ങനെ പ്രദര്‍ശനാനുമതി ലഭിച്ചു എന്ന കാര്യത്തില്‍ ചിത്രം കണ്ടിറങ്ങിയവരില്‍ പലര്‍ക്കും സംശയങ്ങളുണ്ട്. നേരത്തേ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാനെ റിലീസ് ചെയ്ത് ആഴ്ച്ചകള്‍ക്ക് ശേഷം വീണ്ടും കത്രികയക്ക് ഇരയാക്കിയത് പോലെ പേട്രിയറ്റിനും സംഭവിക്കുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍.

മറുവശത്ത് നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ഏറ്റവും വലിയ പരാജയ നടപടിയായ നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച ധുരന്ധര്‍ മോദിക്ക് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന യു.പി.എ ഗവണ്‍മെന്റിനെ പാകിസ്താനെ അനുകൂലിക്കുന്നവരായി ചിത്രീകരിക്കുകയും ചെയതിരുന്നു. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ധുരന്ധര്‍ 3000 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്.

 

Content Highlight: Difference between Dhurandhar and patriot in view of their appro

ach to Central government

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.