ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് വ്യത്യസ്ത സിനിമാനുഭവം സമ്മാനിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. പിന്നീട് ചെയ്ത രണ്ട് ചിത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്ത അനുഭവമാക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. രാഹുല്‍ സദാശിവന്റെ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറേയുടെ ടീസറാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം.
പ്രണവ് മോഹന്‍ലാലാണ് ഡീയസ് ഈറേയില്‍ നായകനായി വേഷമിടുന്നത്. ഇതുവരെ കാണാത്ത രൂപത്തിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന പ്രണവിന് തന്നെയാണ് ടീസറില്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം. സിനിമയിലും ഇതുതന്നെയാകുമെന്ന് തന്നെയാണ് സൂചന. തന്റെ ചുറ്റിലും നടക്കുന്ന അമാനുഷികമായ കാര്യങ്ങളിലെ ഭയം പ്രണവില്‍ ഭദ്രമായിരുന്നു.
തന്റെ പ്രണയിനിയുടെ മരണവും അതിന് ശേഷം നടക്കുന്ന വിചിത്രമായ അനുഭവങ്ങളുമാണ് സിനിമയുടെ കഥയെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. രാഹുല്‍ സദാശിവന്റെ മുന്‍ചിത്രമായ ഭൂതകാലം പോലെ ഗംഭീര സിനിമാനുഭവമാകും ഇതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഭൂതകാലവും ഭ്രമയുഗവും പോലെ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ഡീയസ് ഈറേയിലും ഉള്ളത്.
അനൗണ്‍സ്‌മെന്റ് മുതല്‍ ടീസര്‍ വരെ ഓരോ അപ്‌ഡേറ്റും ക്വാളിറ്റിയുള്ളതാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അത്തരത്തിലുള്ള ഒന്നായിരുന്നു. രണ്ട് മാസത്തോളം സമയമെടുത്ത് കൈകൊണ്ട് വരച്ച ജോര്‍ജിയന്‍ സ്‌റ്റൈല്‍ ഓയില്‍ പെയിന്റിങ്ങാണ് ഫസ്റ്റ് ലുക്കിനായി ഉപയോഗിച്ചത്.
35 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ ഡീയസ് ഈറേ പോസ്റ്റ് പ്രൊഡക്ഷന് വേണ്ടിയാണ് വലിയൊരു സമയം ചെലവഴിക്കുന്നത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച മെയ് മാസം പകുതിയോടെ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ഭ്രമയുഗത്തിന്റെ അതേ ക്രൂ തന്നെയാണ് ഈ ചിത്രത്തിലും ഒന്നിക്കുന്നത്. ക്രിസ്‌റ്റോ സേവിയര്‍ സംഗീതവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹ്നാദ് ജലാലാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തന്നെയാണ് ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വത്തോടൊപ്പം ഡീയസ് ഈറേയുടെ ടീസറും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.