അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റിലും സിനിമാപ്രേമികളും പ്രതീക്ഷ വാനോളമുയര്‍ത്തിയ ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍. ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
റിലീസിന് ഒരാഴ്ച ബാക്കി നില്‍ക്കെ പുതിയ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെ വന്ന എല്ലാ അപ്‌ഡേറ്റുകളെയും പോലെ കഥയെക്കുറിച്ച് യാതൊരു സൂചനയും പുതിയ ട്രെയ്‌ലര്‍ നല്കുന്നില്ല. എന്നാല്‍ ഹൊറര്‍ ഴോണറില്‍ മലയാള സിനിമ ഇന്നേവരെ കാണാത്ത എക്‌സ്പീരിയന്‍സായിരിക്കും ചിത്രം നല്കുകയെന്നും ട്രെയ്‌ലര്‍ അടിവരയിടുന്നു.
വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ A സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് ഡീയസ് ഈറേ പ്രദര്‍ശനത്തിനെത്തുന്നത്. ജംപ് സ്‌കെയര്‍ സീനുകള്‍ക്ക് പകരം കഥയുടെ സെറ്റപ്പിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്കുന്നുണ്ട്. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്.
സിനിമയുടെ ഭൂരിഭാഗം സമയത്തും പ്രണവിന്റെ കഥാപാത്രം മാത്രമാണ് സ്‌ക്രീനിലുള്ളതെന്നും ട്രെയ്‌ലറിലൂടെ സൂചന ലഭിക്കുന്നുണ്ട്. കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെ പ്രണവില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറില്‍ തന്നെ പ്രണവിന്റെ പ്രകടനം ഗംഭീരമാകുമെന്ന തരത്തിലുള്ള ഷോട്ടുകളുണ്ടായിരുന്നു.
പുതിയ ട്രെയ്‌ലറില്‍ നല്‍കിയ ബി.ജി.എമ്മിനെയും പലരും പുകഴ്ത്തുന്നുണ്ട്. ക്രിസ്റ്റോ സേവ്യര്‍ ഒരുക്കിയ ബി.ജി.എം ട്രെയ്‌ലറിനെ കൂടുതല്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഭ്രമയുഗത്തിന്റെ അതേ ടീം തന്നെയാണ് ഡീയസ് ഈറേക്ക് വേണ്ടിയും ഒന്നിക്കുന്നത്. ഷഹ്നാദ് ജലാല്‍ ഛായാഗ്രഹണവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും നിര്‍വഹിക്കുന്നു.
ഭ്രമയുഗം പോലെ വൈഡ് ലെന്‍സിലാണ് ചിത്രം ഷൂട്ട് ചെയ്തത്. തിയേറ്ററുകളില്‍ സൈഡ് ബ്ലാക്ക് ബാറോടുകൂടിയാകും ചിത്രം പ്രദര്‍ശിപ്പിക്കുക. പി.എല്‍.എഫ്, എപിക് ഫോര്‍മാറ്റില്‍ മാത്രമേ ചിത്രം ഫുള്‍ സ്‌ക്രീനില്‍ കാണാനാകുള്ളൂ. റിലീസിന്റെ തലേദിവസം തെരഞ്ഞെടുത്ത സ്‌ക്രീനുകളില്‍ പെയ്ഡ് പ്രീമിയര്‍ നടത്താനും അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.
Content Highlight: Dies Irae release trailer out now