'തിര 2 എഴുതിയെഴുതി ഇപ്പോള്‍ എമ്പുരാനോളം വലുപ്പമായി' നായകന്‍ പൃഥ്വിരാജാണോ? മറുപടിയുമായി ധ്യാന്‍
Entertainment
'തിര 2 എഴുതിയെഴുതി ഇപ്പോള്‍ എമ്പുരാനോളം വലുപ്പമായി' നായകന്‍ പൃഥ്വിരാജാണോ? മറുപടിയുമായി ധ്യാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 2:44 pm

2013ല്‍ വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ത്രില്ലര്‍ ചിത്രമാണ് തിര. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു ഇത്. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

രാകേഷ് മണ്ടോടി തിരക്കഥയെഴുതി ചിത്രത്തില്‍ നവീന്‍ എന്ന കഥാപാത്രമായിട്ടാണ് ധ്യാന്‍ എത്തിയത്. ധ്യാനിനൊപ്പം ശോഭനയും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ട്.

സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍‘ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര. വര്‍ഷങ്ങള്‍ക്ക് ശേഷവും തിരയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

ഇപ്പോള്‍ രണ്ടാം ഭാഗത്തിന്റെ കഥയെ കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. രാകേഷ് കഥ എഴുതിയെഴുതി ഒടുവില്‍ എമ്പുരാനോളം വലിപ്പമായെന്നാണ് അദ്ദേഹം പറയുന്നത്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

തിരയുടെ രണ്ടാം എന്തായാലും ഉണ്ടാകും. രാകേഷേട്ടന്‍ അത് എഴുതിയെഴുതി വല്ലാത്ത വലുപ്പമായി. അങ്ങനെയുള്ള വലിപ്പം സിനിമയ്ക്ക് വന്നതോടെ ഇപ്പോള്‍ എമ്പുരാന്റെ അത്രയുമായി. അത്രയും വലിപ്പം നമുക്ക് വേണ്ട (ചിരി). ഞാന്‍ അപ്പോള്‍ കുറച്ച് കുറക്കാന്‍ പറഞ്ഞു,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

പൃഥ്വിരാജ് സുകുമാരന്‍ ആയിരിക്കുമോ തിര 2വിലെ നായകന്‍ എന്ന ചോദ്യത്തിനും നടന്‍ അഭിമുഖത്തില്‍ മറുപടി നല്‍കി. ആരെയും തീരുമാനിച്ചിട്ടില്ലെന്നും സിനിമയുടെ ബജറ്റ് നോക്കിയിട്ട് മാത്രമേ ചെയ്യുകയുള്ളൂവെന്നുമാണ് ധ്യാന്‍ പറയുന്നത്.

‘ആര്‍ട്ടിസ്റ്റിനെ ആരെയും ആ സിനിമയിലേക്ക് പിച്ച് ചെയ്തിട്ടില്ല. കാരണം നമുക്ക് ആഗ്രഹമുള്ള ആളുകളോടൊക്കെ പോയി കഥ പറയുമ്പോള്‍ അവര്‍ക്ക് അത് ഓക്കെ ആകണമല്ലോ. ആരോടും പോയി കഥ പറഞ്ഞിട്ടില്ല.

ഇപ്പോള്‍ കഥയുടെ വലിപ്പം കൂടിയിരിക്കുകയാണ്. കുറേ സ്ഥലത്ത് ഷൂട്ട് ചെയ്യാനുണ്ട്. അതുകൊണ്ട് സിനിമയുടെ ബജറ്റൊക്കെ നോക്കിയിട്ട് മാത്രമേ നമ്മള്‍ അത് ചെയ്യുന്നുള്ളൂ. 2026ന്റെ അവസാനത്തോടെയോ മറ്റോ സിനിമ വന്നേക്കാം,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.


Content Highlight: Dhyan Sreenivasan Talks About Thira2