ആ സിനിമകളൊക്കെ ദുല്‍ഖറിന് വേണ്ടി ആലോചിച്ചവ; പ്രത്യേകിച്ച് പ്ലാനൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ ചെയ്തു: ധ്യാന്‍
Entertainment
ആ സിനിമകളൊക്കെ ദുല്‍ഖറിന് വേണ്ടി ആലോചിച്ചവ; പ്രത്യേകിച്ച് പ്ലാനൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ ചെയ്തു: ധ്യാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 11:44 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. 2013ല്‍ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ സിനിമകള്‍ എത്തിയിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോള്‍ തനിക്ക് അഭിനയത്തോട് പാഷന്‍ തോന്നിയിട്ടില്ലെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

‘ആദ്യ സിനിമ മുതല്‍ക്കേ എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ തോന്നിയിട്ടില്ല. ഞാന്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് വരുന്നത്. എനിക്ക് ഡയറക്ടര്‍ ആകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എന്റെ ആദ്യ സിനിമ തിരയാണ്.

ആ പടം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തെ ഗ്യാപിന് ശേഷമാണ് കുഞ്ഞിരാമായണം ചെയ്യുന്നത്. അടി കപ്യാരെ കൂട്ടമണിയെന്ന സിനിമ അജു വര്‍ഗീസും നീരജ് മാധവും ഉള്ളത് കൊണ്ട് ചെയ്ത സിനിമയാണ്. ഒരേമുഖം സൗഹൃദത്തിന് പുറത്ത് അഭിനയിച്ച സിനിമയാണ്.

ഗൂഢാലോചന അജുവും ശ്രീനാഥ് ഭാസിയും കൂടെയുള്ളത് കൊണ്ടാണ് ചെയ്തത്. ഓരോ സിനിമകളും ഉണ്ടായത് സൗഹൃദത്തിന് പുറത്താണ്. പിന്നീട് ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്തു. കൊറോണ കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത്.

അതിന്റെ കാരണം ഞാന്‍ പല അഭിമുഖങ്ങളിലുമായി പറഞ്ഞിട്ടുണ്ട്. പണ്ട് മുതല്‍ക്കേ ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. എനിക്ക് മുന്നിലേക്ക് വരുന്നത് മാത്രമേ എനിക്ക് ചെയ്യാന്‍ പറ്റുള്ളൂ. നമ്മളുടെ അടുത്ത് നല്ലത് വരുമ്പോള്‍ നമ്മള്‍ ചെയ്യുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന നല്ലൊരു സിനിമ വന്നു. ഇപ്പോള്‍ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ വന്നു. നല്ല എഴുത്തുക്കാരും നല്ല കഥകളുമാണ് ഇപ്പോള്‍ മിസിങ്. പലപ്പോഴും പല സ്റ്റേജിലൂടെയും കടന്ന് പോയിട്ടാണ് നമ്മളുടെ അടുത്തേക്ക് ഒരു സിനിമ എത്തുന്നത്.

എനിക്ക് വരുന്ന സിനിമകളൊക്കെ പലപ്പോഴും ദുല്‍ഖറിന് വേണ്ടി എഴുതിയതാകും. ദുല്‍ഖറിന് വേണ്ടി ആലോചിച്ചതാണ് പല സിനിമകളും. ആദ്യം ദുല്‍ഖറിനെ ആലോചിക്കും പിന്നെ താഴേക്ക് എത്തിയെത്തി ആരും ചെയ്യാതെ വരുമ്പോള്‍ എന്റെ അടുത്തെത്തും. എനിക്ക് പ്രത്യേകിച്ച് പ്ലാനൊന്നും ഇല്ലാത്തത് കൊണ്ട് ഞാന്‍ ചെയ്യും. അതില്‍ പലരും നമുക്ക് പരിചയമുള്ള ആളുകളാവും,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan Talks About His Films