ഏട്ടനെന്നോട് എപ്പോഴും ഒരു കാര്യം പറഞ്ഞ് ഉപദേശിക്കും; അതുപറയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണ് നിറയും: ധ്യാൻ ശ്രീനിവാസൻ
Entertainment
ഏട്ടനെന്നോട് എപ്പോഴും ഒരു കാര്യം പറഞ്ഞ് ഉപദേശിക്കും; അതുപറയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണ് നിറയും: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th June 2025, 5:57 pm

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച ധ്യാന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ഒരുക്കിയ ലവ് ആക്ഷന്‍ ഡ്രാമ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചാണ് ധ്യാന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോൾ പിതാവ് ശ്രീനിവാസനെക്കുറിച്ചും സഹോദരൻ വിനീതിനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാൻ.

എത്ര തിരക്കായിരുന്നെങ്കിലും കൃത്യമായ ഇടവേളകളിൽ ശ്രീനിവസാൻ വീട്ടിലേക്ക് വരുമായിരുന്നെന്നും വന്നാൽ പിന്നെ ആഘോഷമാണെന്നും ധ്യാൻ പറയുന്നു.

ശ്രീനിവാസൻ്റെ സുഹൃത്തുകളും വീട്ടിൽ വരുമെന്നും ചെയ്യാൻ പോകുന്ന സിനിമയുടെ കഥകളൊക്കെ ശ്രീനിവാസൻ അവരോട് പറയുമെന്നും നടൻ പറഞ്ഞു.

ശ്രീനിവാസനും സുഹൃത്തുക്കളും കൂടിയിരുന്നാൽ പിന്നെ സിഗരറ്റ് വലിയാണെന്നും ഇങ്ങനെ വലിക്കുന്നത് വിനീതിന് ഇഷ്ടമായിരുന്നില്ലെന്നും ധ്യാൻ പറയുന്നു.

തന്നോട് മദ്യപിക്കരുത്, സിഗരറ്റ് വലിക്കരുത് എന്നൊക്കെ എപ്പോഴും വിനീത് പറയുമെന്നും താൻ എല്ലാം നിർത്തിയിട്ട് വർഷങ്ങളായെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘എത്ര തിരക്കാണെങ്കിലും കൃത്യമായ ഇടവേളയിൽ അച്ഛൻ വീട്ടിൽ വരുമായിരുന്നു. വന്നാൽ പിന്നെ ആഘോഷമാണ്. അച്ഛൻ്റെ സുഹൃത്തുക്കൾ വീട്ടിൽ വരും. ചെയ്യാൻ പോകുന്ന സിനിമയുടെ കഥയൊക്കെ അച്ഛൻ അവരോടു പറയും. ഒരു മറവത്തൂർ കനവിൻ്റെയും ചിന്താവിഷ്ടയായ ശ്യാമളയുടെയുമൊക്കെ കഥ ഞാൻ കേട്ടിട്ടുണ്ട്.

അച്ഛനും കൂട്ടുകാരും കൂടി ഇരുന്നാൽ പിന്നെ ആരെയും കാണാൻ പറ്റില്ല. ചൂളയിൽ നിന്നു പുക വരുന്നതുപോലെയാണ് പുകവലി. പഴയ ട്രിപ്പിൾ ഫൈവ് ആണ് അച്ഛൻ്റെ ബ്രാൻഡ്. അച്ഛൻ ഇങ്ങനെ പുകവലിക്കുന്നതിൽ ഏട്ടന് കലിപ്പാണ്.

എനിക്ക് സിഗററ്റ് മണം ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ ഞാൻ നല്ല പുകവലിക്കാരനായി. ഏട്ടൻ നേരെ തിരിച്ചും.
ഏട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും. ‘അച്ഛനെ നോക്ക്. അച്ഛൻ്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത്’ എന്നൊക്കെ പറയും. പറയുമ്പോൾ ഏട്ടൻ്റെ കണ്ണ് നിറയും,’ ധ്യാൻ പറയുന്നു.

Content Highlight: Dhyan Sreenivasan Talking about Sreenivasan and Vineeth