ഹൃദയം കഴിഞ്ഞ് പ്രണവ് അഭിനയിക്കേണ്ട ഒരു ചിത്രമാണ് വർഷങ്ങൾക്ക് ശേഷമെന്ന് എനിക്ക് തോന്നിയിട്ടില്ല: ധ്യാൻ ശ്രീനിവാസൻ
Entertainment
ഹൃദയം കഴിഞ്ഞ് പ്രണവ് അഭിനയിക്കേണ്ട ഒരു ചിത്രമാണ് വർഷങ്ങൾക്ക് ശേഷമെന്ന് എനിക്ക് തോന്നിയിട്ടില്ല: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th April 2024, 9:12 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുകയാണ്.

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവിൻ പോളിയടക്കമുള്ള താരങ്ങൾ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ഹൃദയത്തിന് ശേഷം വിനീതും പ്രണവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുള്ള സിനിമയാണ് വർഷങ്ങൾക്ക് ശേഷം. എന്നാൽ ഇത് പ്രണവ് ചെയ്യേണ്ട ഒരു ചിത്രമായി തനിക്ക് തോന്നിയിട്ടില്ല എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ചിത്രത്തിൽ പ്രണവിന് ഒന്നും ചെയ്യാൻ ഇല്ലെന്നും വിനീത് ശ്രീനിവാസൻ ആയതുകൊണ്ട് മാത്രമാവാം പ്രണവ് സിനിമയെടുത്തതെന്നും ധ്യാൻ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു ധ്യാൻ.

‘ഹൃദയത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞാണ് അപ്പു ക്യാമറക്ക് മുന്നിൽ വന്ന് നിൽക്കുന്നത്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മലയാളം വായിക്കാനും എഴുതാനും അറിയാത്ത ഒരാൾ. ഈ സ്ഥലവും ഈ കഥയും പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ. കൂത്തുപറമ്പ് എന്നൊരു സ്ഥലം ഉണ്ടെന്ന് പോലും അറിയാത്ത ഒരാൾ.

അങ്ങനെയൊരാൾ ഒരു സിനിമയിൽ വന്ന് അഭിനയിക്കുമ്പോൾ അയാൾക്ക് എന്തുമാത്രം സംശയങ്ങൾ ഉണ്ടാവും. ഹൃദയത്തിൽ നിന്ന് വർഷങ്ങൾക്ക് ശേഷത്തിലേക്ക് വരുമ്പോൾ പ്രണവിന്റെ ഗ്രോത്ത് ശരിക്കും ഭയങ്കരമാണ്. ഒരു പടി അല്ലെങ്കിൽ ഒരു രണ്ടുപടി കൂടിയിട്ടുണ്ടെന്നെ ഞാൻ പറയുള്ളൂ. ചില ഇമോഷൻ സീൻസും പരിപാടിയുമെല്ലാം കണ്ടാൽ അത് മനസിലാവും.

അതൊക്കെ ചെയ്യാൻ ഒറ്റ കാരണമേയുള്ളൂ. വിനീത് ശ്രീനിവാസൻ. എന്നോട് പ്രണവ് അത് ഡിസ്‌ക്കസ് ചെയ്തിട്ടില്ല. പക്ഷെ ഉള്ളിലൊരു സാധനമുണ്ട്. എനിക്കത് മനസിലായി. ഏട്ടന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്. കാരണം ഹൃദയത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം പ്രണവ് ചെയ്യേണ്ട ഒരു സിനിമയായി എനിക്ക് തോന്നിയിട്ടില്ല. കാരണം പ്രണവിന് ഒന്നും ചെയ്യാനില്ല.

ഞാൻ ആലോചിച്ചിട്ടുണ്ട്. എന്തുകൊണ്ടാവും പ്രണവ് ഇത് കമ്മിറ്റ് ചെയ്തതെന്ന്. ഇതൊരു വിനീത് ശ്രീനിവാസൻ ചിത്രമല്ലെങ്കിൽ പ്രണവ് ഇത് തെരഞ്ഞെടുക്കില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം,’ധ്യാൻ പറയുന്നു.

 

Content Highlight:  Dhyan Sreenivasan Talk About Role Of Pranav Mohanlal In Varshangalkk Shesham Movie