തിയേറ്ററില്‍ ഹിറ്റായ സിനിമ ഒ.ടി.ടി യില്‍ കണ്ടപ്പോള്‍ ഇഷ്ടപെട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അശ്വന്ത് കോക്കിന്റെ മറുപടി...: ധ്യാന്‍ ശ്രീനിവാസന്
Entertainment
തിയേറ്ററില്‍ ഹിറ്റായ സിനിമ ഒ.ടി.ടി യില്‍ കണ്ടപ്പോള്‍ ഇഷ്ടപെട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അശ്വന്ത് കോക്കിന്റെ മറുപടി...: ധ്യാന്‍ ശ്രീനിവാസന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 2:17 pm

 

എന്തുകൊണ്ടാണ് ആരും റിവ്യു കൃത്യമായി പറയാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

എന്താണ് നിങ്ങള്‍ റിവ്യൂ കൃത്യമായി പറയാത്തത് എന്ന് പറഞ്ഞ് നമ്മുക്ക് ആരെയും പിടിച്ച് അടിക്കാന്‍ പറ്റില്ലെന്ന് ധ്യാന്‍ പറയുന്നു. സിനിമ വളരെ സബ്ജകറ്റീവായ കാര്യമാണെന്നും സിനിമയെ പറ്റി ഒ.ടി.ടിയില്‍ വരുമ്പോഴാണ് എല്ലാം കാര്യങ്ങളും കൃത്യമായി അറിയാന്‍ പറ്റുകയുള്ളു എന്ന ധാരണ തെറ്റാണെന്നും ധ്യാന്‍ പറയുന്നു. ചില സിനിമകള്‍ നമ്മള്‍ തിയേറ്ററില്‍ ഇരുന്നു തന്നെ എക്‌സ്പീരിയന്‍സ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമ താന്‍ തിയേറ്ററില്‍ കാണാതെ ഒ.ടി.ടിയില്‍ കണ്ടപ്പോള്‍ തനിക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നും ഈ കാര്യം റിവ്യൂവര്‍ അശ്വന്ത് കോക്കിന്റെ അടുത്ത് താന്‍ സംസാരിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു. സിനിമ തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യുമ്പോഴാണ് അത് നമ്മള്‍ക്ക് വര്‍ക്കാകുക എന്ന് അദ്ദേഹം പറഞ്ഞുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ വലിയ ഓഡിയന്‍സിന്റെ കൂടെയിരിക്കുമ്പോഴാണ് നമുക്ക് സിനിമ ആസ്വദിക്കാന്‍ പറ്റുക എന്നും അദ്ദേഹം പറഞ്ഞു. ഡിക്റ്ററ്റീവ് ഉജ്വലന്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

‘നീ എന്താ കറക്റ്റ് റിവ്യൂ പറയാത്തത് എന്ന് പറഞ്ഞ് നമുക്ക് ഒരുത്തനെ പിടിച്ചിട്ട് അടിക്കാന്‍ പറ്റുമോ. സിനിമ വളരെ സബ്ജക്റ്റീവായ കാര്യമാണ്. ഒ.ടി.ടി. യില്‍ വരുമ്പോഴാണ് കറക്റ്റായിട്ട് എല്ലാം അറിയാന്‍ കഴിയുന്നത് എന്ന ചിന്ത തെറ്റാണ്. കാരണം ചില സിനിമകള്‍ നമ്മള്‍ തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യണം. ഞാന്‍ ഇപ്പോള്‍ ഒരു സിനിമ തിയേറ്ററില്‍ കണ്ടില്ല, അത് തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായ സിനിമയാണ്. അത് ഒ.ടി.ടിയിലാണ് ഞാന്‍ കണ്ടത്.

ഇങ്ങനെയൊരു ഡിസ്‌ക്കഷന്റെ സമയത്ത് ഞാന്‍ അശ്വന്തിന്റെ അടുത്താണ് ഫോണില്‍ സംസാരിച്ചതെന്ന് തോന്നുന്നു. ഞാന്‍ ചോദിച്ചു, ഈ സിനിമക്ക് നല്ല അഭിപ്രായമാണല്ലോ പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടില്ല ഞാന്‍ അവനോട് പറഞ്ഞു. റിവ്യൂവര്‍ അശ്വന്ത് തന്നെയാണ് പറഞ്ഞത്. ‘ധ്യാനെ അത് തിയേറ്ററില്‍ കാണണം തിയേറ്ററിലെ ആ ശബ്ദവുമൊക്കെയായി കാണുമ്പോള്‍ അത് വേറെ തന്നെ എക്‌സ്പീരിയന്‍സാണ്’ എന്ന്. ചില സിനിമകള്‍ അങ്ങനെ കണ്ടാലെ നമുക്ക് അത് ഫീല്‍ ചെയ്യുകയുള്ളു. വലിയ ഓഡിയന്‍സിന്റെ കൂടെ ഇരുന്നു കാണുമ്പോള്‍ സിനിമ നമ്മള്‍ നന്നായി ആസ്വദിക്കും,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

 

Content Highlight: Dhyan Sreenivasan is answering the question of why no one gives an accurate review.