ക്ലാഷ് വെക്കാന്‍ വന്ന നാല് സിനിമകളും പിന്മാറി, ധുരന്ധറിന് ലഭിച്ചത് ബമ്പര്‍ ലോട്ടറി, ബോക്‌സ് ഓഫീസില്‍ ഹംസയുടെ താണ്ഡവം ഉറപ്പ്
Indian Cinema
ക്ലാഷ് വെക്കാന്‍ വന്ന നാല് സിനിമകളും പിന്മാറി, ധുരന്ധറിന് ലഭിച്ചത് ബമ്പര്‍ ലോട്ടറി, ബോക്‌സ് ഓഫീസില്‍ ഹംസയുടെ താണ്ഡവം ഉറപ്പ്
അമര്‍നാഥ് എം.
Thursday, 5th March 2026, 5:23 pm

2026 ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും തിയേറ്ററുകളെ നിറക്കാന്‍ പാകത്തിന് ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഒറ്റ ഇന്‍ഡസ്ട്രിയില്‍ നിന്നും വന്നിട്ടില്ല. ഈദ് റിലീസാണ് ഇനി ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുള്ള സീസണായി സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. പല വമ്പന്‍ സിനിമകളും ഈദ് റിലീസായി എത്താന്‍ പദ്ധതിയിട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് പല സിനിമകളും ക്ലാഷില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ നിന്നായി അഞ്ച് സിനിമകള്‍ മാര്‍ച്ച് അവസാനവാരം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്. മലയാള ചിത്രം ആട് 3, തെലുങ്കില്‍ നിന്ന് പാരഡൈസ്, പെദ്ദി, ഡക്കോയിറ്റ്, കന്നഡ ചിത്രം ടോക്‌സിക്, ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് നാല് സിനിമകള്‍ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. പല കാരണങ്ങളാണ് ഈ ചിത്രങ്ങള്‍ റിലീസ് മാറ്റിയത്. ടോക്‌സിക്, പാരഡൈസ്, പെദ്ദി, ഡാക്കോയിറ്റ് എന്നിവയാണ് റിലീസ് മാറ്റിയിരിക്കുന്നത്. ഇതോടെ ധുരന്ധറിന് ക്ലാഷില്‍ മുന്‍തൂക്കം ലഭിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ജി.സി.സി രാജ്യങ്ങളില്‍ യുദ്ധസമാനമായ സാഹചര്യമായതിനാലാണ് ടോക്‌സിക് റിലീസ് മാറ്റിയതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മാര്‍ച്ച് 19ന് റിലീസ് ചെയ്യേണ്ട ചിത്രം ജൂണ്‍ നാലിലേക്കാണ് മാറ്റിവെച്ചത്. യഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് വലിയ ഹൈപ്പ് സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. ജന നായകന് ശേഷം റിലീസ് മാറ്റിവെക്കേണ്ടി വരുന്ന കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രമായി ടോക്‌സിക് മാറി.

തെലുങ്കിലും അടുത്ത കാലത്ത് വന്ന ഏറ്റവും വലിയ ക്ലാഷും ഒഴിവായിരിക്കുകയാണ്. റാം ചരണ്‍ നായകനായെത്തുന്ന പെദ്ദിയും നാനിയുടെ പാരഡൈസും ബോക്‌സ് ഓഫീസില്‍ ഒരേദിവസം ഏറ്റുമുട്ടേണ്ടതായിരുന്നു. എന്നാല്‍ ഇരു സിനിമകളുടെയും വര്‍ക്ക് പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. മാര്‍ച്ച് 26നായിരുന്നു രണ്ട് സിനിമകളും റിലീസ് ചെയ്യാനിരുന്നത്. പെദ്ദി ഏപ്രില്‍ 30ലേക്ക് മാറ്റിവെച്ചപ്പോള്‍ ഓഗസ്റ്റ് 21ലേക്കാണ് പാരഡൈസ് റിലീസ് മാറ്റിവെച്ചത്.

ധുരന്ധറിനും ടോക്‌സിക്കിനുമൊപ്പം ക്ലാഷ് പ്രഖ്യാപിച്ച മറ്റൊരു ചിത്രമായിരുന്നു ഡക്കോയിറ്റ്. അദിവി ശേഷ് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ഏപ്രില്‍ 10ലേക്ക് റിലീസ് മാറ്റിവെച്ചു. ഇതോടെ കേരളമൊഴികെ പലയിടത്തും ധുരന്ധറിന് മേല്‍ക്കൈ ലഭിച്ചിരിക്കുകയാണ്. ജി.സി.സിയില്‍ വിലക്കുള്ളതിനാല്‍ ഗള്‍ഫ് യുദ്ധം ധുരന്ധര്‍ 2നെ ബാധിച്ചിട്ടില്ല.

കേരളത്തില്‍ ആട് 3ക്ക് ഇതോടെ വലിയ മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ്. 250 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം 350നടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്‌തേക്കുമെന്നാണ് കണക്കുകൂട്ടല്‍. ധുരന്ധര്‍ 2നും കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചേക്കും. 1400 കോടിയോളം നേടിയ ധുരന്ധറിന്റെ വിജയം രണ്ടാം ഭാഗം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Dhurandhar have no clash release in Box Office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം