ബെംഗളൂരു: ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികളെല്ലാം വ്യാജമെന്ന് ധര്‍മസ്ഥല ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഡെ. കുറ്റം ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. വാര്‍ത്താഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹെഗ്ഡെയുടെ പരാമര്‍ശം.
എസ്.ഐ.ടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. ധര്‍മസ്ഥലക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വലിയ രീതിയില്‍ തന്നെ വേദനിപ്പിച്ചുവെന്നും ബി.ജെ.പി നാമനിര്‍ദേശം ചെയ്ത രാജ്യസഭാ എം.പി കൂടിയായ വീരേന്ദ്ര ഹെഗ്ഡെ പ്രതികരിച്ചു.
‘ധര്‍മസ്ഥലയില്‍ ഒരാള്‍ മരിച്ചാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കുമെന്ന് ഒരു പൊതുവിശ്വാസമുണ്ട്. എപ്പോഴെങ്കിലും ഒരു മരണം സംഭവിക്കുമ്പോള്‍, ഞങ്ങള്‍ പഞ്ചായത്തിനെ അറിയിക്കും. അവര്‍ പരിശോധന നടത്തി മൃതദേഹം സംസ്‌കരിക്കും,’ ഹെഗ്ഡെ പറഞ്ഞു.
എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി പ്രശ്‌നം പരിഹരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. സത്യങ്ങള്‍ എന്നെന്നേക്കുമായി പുറത്തുവരണമെന്നും ഹെഗ്ഡെ പറഞ്ഞു.
കഴിഞ്ഞ 14 വര്‍ഷമായി ധര്‍മസ്ഥലയെ കേന്ദ്രീകരിച്ച് സംഘടിതമായ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും ഹെഗ്ഡെ ആരോപിച്ചു. സമൂഹ മാധ്യമങ്ങള്‍ യുവാക്കളുടെ മനസുകളെ മലിനമാക്കിയിട്ടുണ്ടെന്നും യുവാക്കള്‍ അവരുടെ വിശ്വാസത്തില്‍ പിന്മാറണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം ധര്‍മസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി സ്ഥലങ്ങള്‍കുഴിച്ച് നടത്തുന്ന തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. നിലവില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം വരുന്നതുവരെ തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിക്കുകയായിരുന്നു.
ഇതുവരെ നടന്ന തിരച്ചിലില്‍ രണ്ടുസ്ഥലങ്ങളില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരിടത്ത് നിന്ന് അസ്ഥികൂടവും മറ്റൊരിടത്ത് നിന്ന് അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇവ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം മഞ്ജുനാഥ ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ ആരോപണങ്ങളില്‍ ആദ്യമായാണ് വീരേന്ദ്ര ഹെഗ്ഡെ പരസ്യ പ്രസ്താവന നടത്തുന്നത്. ഭീഷണിക്ക് വഴങ്ങി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം ആളുകളെ കുഴിച്ചുമൂടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്.
ക്ഷേത്രത്തിന്റെ ഭരണസമിതിയുടെ ഭീഷണിയെ തുടര്‍ന്നാണ് താനിതെല്ലാം ചെയ്തതെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ തുറന്നുപറച്ചില്‍. പത്തുവര്‍ഷത്തിനിടെ ഭീഷണിക്ക് വഴങ്ങി നൂറിലധികം മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പ്രധാനമായും വെളിപ്പെടുത്തിയത്. 1998 മുതല്‍ 2014 വരെയുള്ള കാലയളവിനിടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്.
കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് ശുചീകരണ തൊഴിലാളി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.