ധര്‍മസ്ഥല കൂട്ടക്കുഴിമാടമോ? ഇരകള്‍ക്കെന്ന് നീതി കിട്ടും
Details
ധര്‍മസ്ഥല കൂട്ടക്കുഴിമാടമോ? ഇരകള്‍ക്കെന്ന് നീതി കിട്ടും
രാഗേന്ദു. പി.ആര്‍
Sunday, 20th July 2025, 6:41 pm
പത്തുവര്‍ഷത്തിനിടെ ഭീഷണിക്ക് വഴങ്ങി നൂറിലധികം മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചുമൂടിയെന്നായിരുന്നു ശുചീകരണ തൊഴിലാളി പ്രധാനമായും വെളിപ്പെടുത്തിയത്. 1998 മുതല്‍ 2014 വരെയുള്ള കാലയളവിനിടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്. കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ശുചീകരണ തൊഴിലാളി പൊലീസിനെ സമീപിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ദൂരങ്ങള്‍ താണ്ടിയെത്തി ഒരു മനുഷ്യന്‍ രാജ്യത്തെ തന്നെ ഞെട്ടിപ്പിക്കും വിധത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തുന്നു. ഒരുപക്ഷെ കര്‍ണാടക എന്ന സംസ്ഥാനത്തെയും ഭരണകൂടത്തെയും മുന്‍ സര്‍ക്കാരുകളെയും വെട്ടിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍. ഭീഷണിക്ക് വഴങ്ങി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം ആളുകളെ കുഴിച്ചുമൂടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ആ മനുഷ്യന്‍ വെളിപ്പെടുത്തിയത്.

ഈ കുറ്റസമ്മതം നടത്തിയത് കര്‍ണാടകയിലെ ധര്‍മസ്ഥല എന്ന പ്രദേശത്തെ മഞ്ജുനാഥ ക്ഷേത്രത്തില്‍ ശുചീകരണ തെഴിലാളിയായിരുന്ന ഒരു വ്യക്തിയാണ്. ക്ഷേത്രത്തിന്റെ ഭരണസമിതിയുടെ ഭീഷണിയെ തുടര്‍ന്നാണ് താനിതെല്ലാം ചെയ്തതെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ തുറന്നുപറച്ചില്‍.

എന്നാല്‍ ഈ വെളിപ്പെടുത്തലിന് ശേഷം നിശ്ചലമായിപ്പോയ ഒരു ഭരണകൂടത്തെയും നിയമസംവിധാനങ്ങളെയുമാണ് നാം കര്‍ണാടകയില്‍ കണ്ടത്. തുടര്‍ന്നുണ്ടായ ശക്തമായ വിമര്‍ശനങ്ങള്‍ക്കിടെ ഒരു മാസത്തിനിപ്പുറം ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘ(എസ്.ഐ.ടി)ത്തെ നിയോഗിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉത്തരവ് പുറത്തുവരുന്നു. പക്ഷെ അപ്പോഴും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.

മഞ്ജുനാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള മേഖലകള്‍ കുഴിമാടങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണോ, ഉണ്ടെങ്കില്‍ തന്നെ കുഴിച്ചുമൂടപ്പെട്ട സ്ത്രീകള്‍ക്ക് എന്ന് നീതി ലഭിക്കും, ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയാണ്, ശുചീകരണ തൊഴിലാളി സുരക്ഷിതനാണോ തുടങ്ങിയ ചോദ്യങ്ങളാണ് മുന്നോട്ടുവെക്കാനുള്ളത്.

എന്തായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍

പൊലീസ് സ്റ്റേഷനിലെത്തി ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ വിവരങ്ങളും കോടതിയില്‍ നല്‍കിയ മൊഴിയും പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും, ലോകമറിഞ്ഞ ഏതാനും വിവരങ്ങള്‍ ഭീതിപടര്‍ത്തുന്നത് തന്നെയാണ്. പത്തുവര്‍ഷത്തിനിടെ ഭീഷണിക്ക് വഴങ്ങി നൂറിലധികം മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പ്രധാനമായും വെളിപ്പെടുത്തിയത്. 1998 മുതല്‍ 2014 വരെയുള്ള കാലയളവിനിടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്.

കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ശുചീകരണ തൊഴിലാളി പൊലീസിനെ സമീപിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

‘ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബാഗ് ഉള്‍പ്പെടെ മറവുചെയ്തിട്ടുണ്ട്. അടിവസ്ത്രവും പാവാടയും ഇല്ലാത്ത നിലയിലാണ് ഈ കുഞ്ഞിനെ കണ്ടെത്തിയത്. കുഴിച്ചിട്ടവരില്‍ ആസിഡ് ആക്രമണത്തില്‍ മുഖം പൊള്ളിയ സ്ത്രീയും ഉണ്ടായിരുന്നു. ശരീരത്തില്‍ മുറിവുകളും ശ്വാസംമുട്ടിച്ചതിന്റെ പാടുകളും ഉണ്ടായിരുന്ന സ്ത്രീകളെയാണ് കൂടുതലായും മറവ് ചെയ്തിരുന്നത്. ആദ്യം നേത്രാവതി നദിയിലും കരയിലുമായി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കാണാനിടയായപ്പോള്‍, അവരെല്ലാം മുങ്ങിമരിച്ചതാണെന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് സ്ത്രീകളുടെ ശരീരത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ പാടുകള്‍ കണ്ടതോടെയാണ് വിവരങ്ങള്‍ മനസിലാക്കുന്നത്,’ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

പക്ഷെ ഇതിലൊന്നും അവസാനിക്കുന്നതായിരുന്നില്ല ആ തുറന്നുപറച്ചില്‍. ധര്‍മസ്ഥലയില്‍ ഭിക്ഷാടനത്തിനായി എത്തിയ നിരവധി പുരുഷന്മാരുടെ കൊലപാതകത്തിനും സാക്ഷിയായിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. 1998ല്‍ ഒരു മൃതദേഹം മറവ് ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ക്ഷേത്രത്തിന്റെ സൂപ്പര്‍വൈസര്‍ ഭീഷണിപ്പെടുത്തിയെന്നും ഇക്കാലയളവില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്നും തൊഴിലാളി പറഞ്ഞിരുന്നു.

2014ല്‍ തന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സൂപ്പര്‍വൈസര്‍ക്ക് അറിയാവുന്ന ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനുശേഷമാണ് ധര്‍മസ്ഥലയില്‍ നിന്ന് നാടുവിട്ടതെന്നും കഴിഞ്ഞ 11 വര്‍ഷമായി മറ്റൊരിടത്താണ് പേടിച്ച് കഴിയുകയായിരുന്നുവെന്നും ഇയാള്‍ പറയുകയുണ്ടായി.

ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാള്‍ ഈ വെളിപ്പെടുത്തലുകള്‍ എല്ലാം നടത്തിയത്. കുറ്റബോധവും ഭയവും കാരണം ഉറങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് പത്ത് വര്‍ഷത്തിനിപ്പുറം വെളിപ്പെടുത്തല്‍ നടത്തിയതെന്നും കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ പൊലീസിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

ഇതെല്ലാം കേള്‍ക്കുന്ന ഒരു സാധാരണ മനുഷ്യന്‍ ഒരുപക്ഷെ ആദ്യം ചോദിക്കുക, അപ്പോള്‍ ഇത്രയും കാലം ഒരാള്‍ പോലും ഒരു മിസിങ് കേസ് ഫയല്‍ ചെയ്തില്ലേ എന്നായിരിക്കും. ഉത്തരം ഉണ്ടെന്ന് തന്നെയാണ്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് ശേഷം കര്‍ണാടകയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയ കൊലപാതകമാണ് സൗജന്യ എന്ന വിദ്യാര്‍ത്ഥിയുടേത്.

സൗജന്യ കൊലപാതകം

2012ലാണ് എസ്.ഡി.എം കോളേജ് വിദ്യാര്‍ത്ഥിനിയായ സൗജന്യ കൊല്ലപ്പെടുന്നത്. ബസ് സ്റ്റോപ്പില്‍ നിന്ന് കാണാതായ 17കാരിയെ പിന്നീട് കണ്ടെത്തിയത് നേത്രാവതി നദിക്കരയില്‍ നിന്നാണ്. ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്നാണ് സൗജന്യ മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്ന് ആളുകള്‍ മാറിമാറി പീഡിപ്പിച്ചിരുന്നുവെന്നും മാറിടങ്ങള്‍ കടിച്ചുപറിച്ചിരുന്നുവെന്നും വൈജനയില്‍ ബിയര്‍ക്കുപ്പി കയറ്റി പൊട്ടിച്ചുവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സി.ബി.ഐ ഉള്‍പ്പെടെ ഒന്നിലധികം അന്വേഷണ ഏജന്‍സികള്‍ കേസില്‍ അന്വേഷണം നടത്തി.

പക്ഷെ ധര്‍മസ്ഥല ട്രസ്റ്റ് ജീവനക്കാരനായ സന്തോഷ് റാവു മാത്രമായിരുന്നു കേസിലെ പ്രതി. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ 2023ല്‍ സി.ബി.ഐ കോടതി ഇയാളെ വെറുതെവിട്ടു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സൗജന്യയുടെ പിതാവ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളപ്പെടുകയായിരുന്നു. ഇതിനിടെ തനിക്കെതിരെ കേസെടുത്തതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്തോഷ് റാവുവും കോടതിയെ സമീപിച്ചിരുന്നു.

കര്‍ണാടകയില്‍ ഉടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സൗജന്യ കൊലപാതക കേസില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതിരുന്നത് നിയമവ്യവസ്ഥയുടെ പാളിച്ച തന്നെയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൗജന്യയുടെ കൊലപാതകത്തില്‍ ഹെഗ്ഡെ കുടുംബത്തിന് വലിയ പങ്കുണ്ടെന്ന് അഭ്യൂഹങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും അധികൃതര്‍ക്കും ഹെഗ്ഡെ കുടുംബത്തിന് നേരെ ഒരു വിരല്‍ പോലും അനക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത.

ഹെഗ്ഡെ കുടുംബം

700 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണ് ധര്‍മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രം. ദിഗംബര-ജൈന മതം പിന്തുരുന്ന ഹെഗ്ഡെ കുടുംബമാണ് ഈ ക്ഷേത്രത്തിന്റെ ഭരണം കൈയാളുന്നത്. 1968 മുതല്‍ അതായത് തന്റെ 19ാം വയസ് മുതല്‍ ഈ കുടുംബത്തിലെ വീരേന്ദ്ര ഹെഗ്‌ഡെയെന്ന വ്യക്തിയാണ് മഞ്ജുനാഥ ക്ഷേത്രത്തിന്റെ ധര്‍മാധികാരി. എന്നാല്‍ വീരേന്ദ്ര ഹെഗ്ഡെയെ ക്ഷേത്രം ഭാരവാഹിയെന്ന ടാഗില്‍ മാത്രമായി ഒതുക്കാന്‍ കഴിയില്ല. കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത രാജ്യസഭാ എം.പി കൂടിയായ ഹെഗ്ഡെ അധികാരം കൈയാളിയ കാലഘട്ടം മുതല്‍ക്കേ മഞ്ജുനാഥ ക്ഷേത്രം ഒന്നിലധികം വിവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ആരാധനാകേന്ദ്രവും ബിസിനസ് സാമ്രാജ്യവുമാണ് ധര്‍മസ്ഥല. ഈ ട്രസ്റ്റിന് കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ സൗജന്യയുടെ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്നത് ഈ വീരേന്ദ്ര ഹെഗ്ഡെയുടെ സഹോദരന്റെ മകനും സുഹൃത്തുക്കളുമായിരുന്നു.

സൗജന്യയുടെ കൊലപാതകത്തിന് പുറമെ നാല് യുവാക്കളുടെ തിരോധാനവും ഹെഗ്ഡെ കുടുംബത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. 1993ലാണ് ഈ നാല് പേരെയും കാണാതായത്. പിന്നീട് രണ്ട് പേരെ നേത്രാവതി നദിയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പക്ഷെ ബാക്കിയുള്ള രണ്ട് പേര്‍ എവിടെയാണെന്നതില്‍ ഇന്നും ഉത്തരമില്ല.

ഇപ്പോള്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷവും ഹെഗ്ഡെ കുടുംബം വിവാദങ്ങളില്‍ കുരുങ്ങുകയാണ്. 2003ല്‍ മണിപ്പൂരില്‍ നിന്ന് ധര്‍മസ്ഥലയിലെത്തിയ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന അനന്യയുടെ മരണവും വീണ്ടും ചര്‍ച്ചയായതാണ് ഹെഗ്ഡെ കുടുംബത്തെ വിവാദങ്ങളിലാഴ്ത്തിയത്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അനന്യയുടെ അമ്മ ‘എന്റെ മകളുടെ അസ്ഥിയെങ്കിലും കണ്ടെത്തി തരൂ’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടക പൊലീസിനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് എത്തിയ അമ്മയെ പൊലീസ് അധിക്ഷേപിച്ച് തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നീതിക്കായി ഹെഗ്ഡെ കുടുംബത്തെയും അമ്മ സമീപിച്ചിരുന്നു. പക്ഷെ പ്രതികരണങ്ങള്‍ എല്ലാം സമാനമായിരുന്നുവെന്നാണ് വിവരം.

ഇതോടെ കര്‍ണാടക പൊലീസും കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരും രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടു. ധര്‍മസ്ഥലയിലെ സത്യാവസ്ഥകള്‍ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നവരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നു. സൗജന്യയുടെ കൊലപാതകം അടക്കം ഉള്‍പ്പെടുത്തി 30 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന വീഡിയോ തയ്യാറാക്കി പ്രസിദ്ധീകരിച്ച സമീര്‍ എന്ന യുട്യൂബറിനെതിരെ ബെല്ലാരി പൊലീസ് മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസെടുക്കുകയായിരുന്നു.

ഇതിനിടെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ധര്‍മസ്ഥല വിഷയത്തില്‍ എസ്.ഐ.ടിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ സമീപിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ ഉന്നയിച്ച ആവശ്യത്തോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കൂടാതെ എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് വിരമിച്ച സുപ്രീം കോടതി വി. ഗോപാല ഗൗഡയും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നായിരുന്നു ഗോപാല ഗൗഡയുടെ ആവശ്യം.

നിലവില്‍ ഈ ആവശ്യങ്ങള്‍ക്ക് മേല്‍ കര്‍ണാടക സര്‍ക്കാരിന്റെ ഒരു ഉത്തരവ് വന്നിരിക്കുകയാണ്. ഉത്തരവില്‍ അല്‍പ്പമെങ്കിലും ആശ്വസിക്കാം. എന്നാല്‍ ചില സംശയങ്ങളും തുടരുകയാണ്. ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സൂചിപ്പിക്കുന്ന സ്ത്രീകളെ കുഴിച്ചുമൂടിയ പ്രദേശങ്ങള്‍ക്ക് ഇപ്പോഴും സുരക്ഷയൊരുക്കിയിട്ടില്ല. മൊഴികളില്‍ സൂചിപ്പിച്ച സ്ഥലങ്ങളിലെത്തിയ തങ്ങള്‍ പൊലീസിന് വേണ്ടി കാത്തുനിന്നത് മണിക്കൂറുകളോളമാണെന്ന ശുചീകരണ തൊഴിലാളിയുടെ അഭിഭാഷകന്റെ പ്രതികരണം അതിന് ഉദാഹരണമാണ്.

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഏതെങ്കിലും തരത്തിലുള്ള സത്യമുണ്ടെങ്കില്‍, ഏത് അന്വേഷണ സംഘമായാലും പരിശോധനക്കെത്തുന്നവര്‍ക്ക് തെളിവുകള്‍ ലഭിക്കണം. അല്ലാത്തപക്ഷം മരണപ്പെട്ട നൂറിലധികം മനുഷ്യര്‍ക്കും നീതി കിട്ടിയില്ലെന്ന് വരും. ഒപ്പം രാജ്യത്തുടനീളമായി നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരുടെ നീതിക്കായി ശബ്ദിക്കുകയും വേണം.

Content Highlight: Is Dharmasthala a mass grave? Will the victims get justice?

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.