ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ധനുഷ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. ആദ്യചിത്രത്തിലെ പ്രകടനത്തിന് ഒരുപാട് വിമര്‍ശനം കേട്ട ധനുഷ് പിന്നീട് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി മാറുകയായിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടുവട്ടം സ്വന്തമാക്കിയ ധനുഷ് ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.
തെലുങ്കിലെ മികച്ച സംവിധായകരിലൊരാളായ ശേഖര്‍ കമ്മുലയോടൊപ്പം ധനുഷ് കൈകോര്‍ക്കുന്ന ചിത്രമാണ് കുബേര. ഇതുവരെ ചെയ്തതില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ധനുഷ് കുബേരയില്‍ അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ സെന്‍സേഷന്‍ രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രശ്മികയോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ധനുഷ്.
ചിത്രത്തില്‍ മാലിന്യകൂമ്പാരത്തിന് നടുവില്‍ വെച്ച് ആറ് മണിക്കൂറിന് മുകളില്‍ ഷൂട്ട് ഉണ്ടായിരുന്നെന്ന് പറയുകയാണ് ധനുഷ്. അങ്ങനെയൊരു സ്ഥലത്ത് പത്ത് മിനിറ്റിലധികം പിടിച്ചുനില്‍ക്കാന്‍ താന്‍ പാടുപെട്ടെന്നും എന്നാല്‍ രശ്മികക്ക് അത് കുഴപ്പമല്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് അത് അത്ഭതമായിരുന്നെന്നും അദ്ദേഹം പറയുന്നു. കുബേരയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.
‘ഈ സിനിമയില്‍ വലിയൊരു മാലിന്യക്കൂമ്പാരത്തിന് നടുവില്‍ ഷൂട്ട് ചെയ്യുന്ന ഒരു പോര്‍ഷനുണ്ടായിരുന്നു. ഞാനും രശ്മികയുമായിരുന്നു ആ സീനില്‍. ആറേഴ് മണിക്കൂര്‍ അവിടെ നിന്നാണ് ഷൂട്ട് ചെയ്തത്. അവിടത്തെ സ്‌മെല്‍ എനിക്ക് സഹിക്കാനായില്ല. രശ്മികയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ‘എനിക്ക് സ്‌മെല്ലൊന്നും വരുന്നില്ലല്ലോ’ എന്നായിരുന്നു മറുപടി.
അത് കേട്ടതും ഞാന്‍ ഞെട്ടി. ഇവര്‍ക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ പറയില്ലല്ലോ. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയാണിത്. എനിക്ക് മാത്രമല്ല, നാഗാര്‍ജുന സാറിനും രശ്മികക്കും നല്ല ശക്തമായ ക്യാരക്ടേഴ്‌സിനെയാണ് കിട്ടിയിട്ടുള്ളത്,’ ധനുഷ് പറഞ്ഞു.