നാല് വര്‍ഷം... നാല് 100 കോടി സിനിമകള്‍, സൂര്യക്കും, ശിവകാര്‍ത്തികേയനുമില്ലാത്ത നേട്ടത്തില്‍ ധനുഷ്, ടൈര്‍ 2വിലെ ടോപ് താന്‍ തന്നെയെന്ന് താരം
Entertainment
നാല് വര്‍ഷം... നാല് 100 കോടി സിനിമകള്‍, സൂര്യക്കും, ശിവകാര്‍ത്തികേയനുമില്ലാത്ത നേട്ടത്തില്‍ ധനുഷ്, ടൈര്‍ 2വിലെ ടോപ് താന്‍ തന്നെയെന്ന് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th June 2025, 8:53 pm

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. രജിനി, വിജയ്, അജിത് എന്നിവരുള്‍പ്പെട്ട ടൈര്‍ വണ്ണും, സൂര്യ, വിക്രം, ധനുഷ് തുടങ്ങിയവരുള്‍പ്പെട്ട ടൈര്‍ 2വുമുള്ള ഇന്‍ഡസ്ട്രി കൊമേഴ്‌സ്യല്‍ സിനിമകളുടെ അക്ഷയപാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തമിഴ് സിനിമ വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനമടക്കം പല കാര്യങ്ങളും ഇന്‍ഡസ്ട്രിയെ വല്ലാതെ ബാധിച്ചു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ മുടക്കുമുതല്‍ പോലും നേടാനാകാതെ തകരുന്ന കാഴ്ചയും കാണാന്‍ സാധിച്ചു. ടൈര്‍ 2വിലെ നടന്മാര്‍ മുന്നിലേക്ക് കയറിവരുമെന്ന് കരുതിയെങ്കിലും സ്ഥിരതയില്ലായ്മ അവിടെയും തടസ്സമായി. എന്നാല്‍ അത്തരം പ്രതിസന്ധിയിലും തന്റെ കണ്‍സിസ്റ്റന്‍സി വിടാതെ കാക്കുകയാണ് ധനുഷ്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കുബേര 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി നാലാമത്തെ 100 കോടി ചിത്രമാണ് ധനുഷ് കുബേരയിലൂടെ നേടിയത്. കൊവിഡിന് മുമ്പ് 100 കോടി എന്നത് കിട്ടാക്കനിയായി നിന്ന ധനുഷ് കൊവിഡിന് ശേഷം തന്റെ സ്റ്റാര്‍ഡം വലുതാക്കിയിരിക്കുകയാണ് ഇപ്പോള്‍.

2022ല്‍ പുറത്തിറങ്ങിയ തിരുച്ചിത്രമ്പലം, 2023ല്‍ റിലീസായ വാത്തി, 2024ല്‍ രായന്‍ എന്നിങ്ങനെയാണ് താരത്തിന്റെ 100 കോടി ചിത്രങ്ങള്‍. ഇതിനിടയില്‍ വന്ന ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രം 85 കോടിയോളവും സ്വന്തമാക്കി. വ്യത്യസ്ത ഴോണറുകളിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയതെന്ന് അറിയുമ്പോഴാണ് ടൈര്‍ 2വില്‍ ഒന്നാം സ്ഥാനത്തിന് യോഗ്യന്‍ ധനുഷാണെന്ന് ഉറപ്പിക്കാനാകുന്നത്.

തെലുങ്കിലും തമിഴിലുമായി ചിത്രീകരിച്ച സിനിമയാണ് കുബേര. ഹാപ്പി ഡേയ്‌സ്, ഫിദ എന്നീ ചിത്രങ്ങളൊരുക്കിയ ശേഖര്‍ കമ്മുലയാണ് കുബേരയുടെ സംവിധായകന്‍. തെലുങ്ക് താരം നാഗാര്‍ജുനയും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രശ്മിക മന്ദാനയാണ് കുബേരയിലെ നായിക. സമ്മിശ്ര അഭിപ്രായം വെച്ചാണ് ചിത്രം ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കിയത്.

ടൈര്‍ 2വിലെ മറ്റ് താരങ്ങളായ ശിവകാര്‍ത്തികേയനും സൂര്യക്കും ഇങ്ങനെയൊരു നേട്ടമില്ലാത്തതും ധനുഷിനെ വ്യത്യസ്തനാക്കുന്നു. കങ്കുവ എന്ന ചിത്രത്തിനായി രണ്ടരവര്‍ഷത്തോളം സൂര്യ മാറ്റിവെച്ചെങ്കിലും കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി. അമരന്‍ എന്ന ചിത്രത്തിലൂടെ 250 കോടി കളക്ഷന്‍ ശിവകാര്‍ത്തികേയന്‍ സ്വന്തമാക്കി മുന്നോട്ട് വരുന്നുണ്ട്. എന്നാല്‍ അടുത്ത ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ് എത്രത്തോളമുണ്ടാകുമെന്ന് അറിയില്ല.

Content Highlight: Dhanush’s Kubera movie collected 100 crore from box office