ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വടചെന്നൈ. തമിഴിലെ ഗ്യാങ്സ്റ്റര്‍ സിനിമകള്‍ക്ക് പുതിയൊരു മാനം സമ്മാനിച്ച ചിത്രമായിരുന്നു വടചെന്നൈ. നോണ്‍ ലീനിയറായിട്ടുള്ള കഥ പറച്ചിലിനൊപ്പം വെട്രിമാരന്റെ ശക്തമായ രാഷ്ട്രീയവും വടചെന്നൈ സംസാരിക്കുന്നുണ്ട്. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്.
എന്നാല്‍ വെട്രിമാരനും ധനുഷും പിന്നീട് മറ്റ് സിനിമകളുടെ തിരക്കിലായതിനാല്‍ വടചെന്നൈയുടെ രണ്ടാം ഭാഗം സംഭവിച്ചില്ല. ഇരുവരും ഏത് സിനിമയുടെ പ്രൊമോഷന് പോയാലും വടചെന്നൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ചായിരുന്നു കൂടുതല്‍ ചോദ്യവും വരുന്നത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ധനുഷ്.
2018 മുതല്‍ എല്ലാവരും വടചെന്നൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിക്കുകയാണെന്നും അവരെ നിരാശപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും താരം പറഞ്ഞു. 2026ല്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും 2027ല്‍ ചിത്രം തിയേറ്ററിലെത്തുമെന്നും ധനുഷ് പറയുന്നു. പുതിയ ചിത്രമായ കുബേരയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് ധനുഷ് ഇക്കാര്യം അറിയിച്ചത്.
‘എത്രയോ കാലമായി നിങ്ങള്‍ ഇതേ കാര്യം തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. 2018 മുതല്‍ നിങ്ങള്‍ ഇത് ചോദിക്കുകയാണ്. ആരെയും നിരാശപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 2026ല്‍ ഞങ്ങള്‍ വടചെന്നൈ 2വിന്റെ ഷൂട്ട് ആരംഭിക്കും. 2027 ആകുമ്പോഴേക്ക് ചിത്രം നിങ്ങളുടെ മുന്നിലെത്തിക്കുമെന്ന് ഉറപ്പാണ്,’ ധനുഷ് പറയുന്നു.
തെലുങ്കിലെ മികച്ച സംവിധായകരിലൊരാളായ ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രമാണ് കുബേര. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ജിം സര്‍ബും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ദേവി ശ്രീ പ്രസാദാണ് കുബേരയുടെ സംഗീതം. ചിത്രത്തിന്റെ ടീസറിനും ഗ്ലിംപ്‌സിനുമെല്ലാം വന്‍ വരവേല്പാണ് ലഭിച്ചത്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച കുബേര പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ജൂണ്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Dhanush Confirms that Vadachennai 2 will go on floors in 2026