2018ല്‍ ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസില്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്. പ്രകാശന്‍ എന്ന ടൈറ്റില്‍ റോളിലായിരുന്നു ഫഹദ് എത്തിയത്. അഞ്ജു കുര്യന്‍, നിഖില വിമല്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ഒരുപാട് നാളിന് ശേഷം ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ സിനിമയായിരുന്നു.
ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രമായി എത്തിയത് നടി ദേവിക സഞ്ജയ് ആയിരുന്നു. ദേവികയുടെ ആദ്യ സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. ശേഷം മകള്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്നീ സിനിമകളിലും ദേവിക അഭിനയിച്ചു.
അഭിനയം ഒരു മോഹമായി എന്നും മനസിലുണ്ടായിരുന്നുവെന്ന് പറയുകയാണ് ദേവിക സഞ്ജയ്. സത്യന്‍ അന്തിക്കാടിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാവരും ഒരു കുടുംബം പോലെയാണെന്നും ഒരു തുടക്കക്കാരിയെന്ന പരിഗണന ഷൂട്ടിങ് സെറ്റില്‍ തനിക്ക് ലഭിച്ചുവെന്നും ദേവിക പറഞ്ഞു.
മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരോടൊപ്പം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്നും ചെറുപ്പം മുതല്‍ ഏറെ ആരാധനയോടെ കണ്ടിരുന്ന താരങ്ങള്‍ക്കൊപ്പം അഭിനയിച്ചത് സ്വപ്നതുല്യമായ അനുഭവമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. മനോരമ ആഴ്ചപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു ദേവിക സഞ്ജയ്.
‘അഭിനയമൊരു മോഹമായിത്തന്നെ എന്നും മനസിലുണ്ടായിരുന്നു. അതുകൊണ്ട്, അഭിനയിക്കാനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയിരുന്നില്ല. സ്‌കൂള്‍ സമയം മുതലേ ചെറിയ നാടകങ്ങള്‍ സ്വയം എഴുതിവരെ അഭിനയിക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തിയിരുന്നു.
സത്യന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്. ഒരു തുടക്കക്കാരിയെന്ന പരിഗണന ഷൂട്ടിങ് സെറ്റില്‍ എനിക്ക് കിട്ടി. സത്യന്‍ സാര്‍ എപ്പോഴും ദേവൂന് അത് എങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചിട്ടാണ് തിരുത്തലുകള്‍ വരുത്തിയത്. അത് എന്നെ ഏറ്റവും കംഫര്‍ട്ടബിളാക്കി.
മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരോടൊപ്പം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ഏറെ ആരാധനയോടെ കണ്ടിരുന്ന താരങ്ങള്‍ക്കൊപ്പം അഭിനയിച്ചത് സ്വപ്നതുല്യമായ അനുഭവമായി. അവരെല്ലാം ക്യാമറക്ക് പിന്നില്‍ എങ്ങനെയാണെന്ന് മനസിലാക്കാനും അവരില്‍ നിന്നു കുറെ പഠിക്കാനും കഴിഞ്ഞു,’ ദേവിക സഞ്ജയ് പറയുന്നു.