ഇതെന്റെ മകനാണെന്ന് പറഞ്ഞാണ് കമല്‍ സാര്‍ എല്ലാവരോടും എന്നെപ്പറ്റി സംസാരിച്ചത്, അദ്ദേഹം എനിക്ക് വേണ്ടി ചെയ്ത ആ കാര്യം ഒരിക്കലും മറക്കില്ല: ദേവി ശ്രീ പ്രസാദ്
സൗത്ത് ഇന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ദേവി ശ്രീ പ്രസാദ്. ദേവി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. 26 വര്‍ഷത്തെ കരിയറില്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 100ലധികം സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. പുഷ്പ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡും ഡി.എസ്.പി. സ്വന്തമാക്കി.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ കമല്‍ ഹാസനെക്കുറിച്ച് സംസാരിക്കുകയാണ് ദേവി ശ്രീ പ്രസാദ്. ദശാവതാരം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയതിന് ശേഷമാണ് താന്‍ കമല്‍ ഹാസനുമായി കൂടുതല്‍ അടുത്തതെന്ന് ഡി.എസ്.പി. പറഞ്ഞു. തുടര്‍ന്ന് മന്മഥന്‍ അന്‍പിലും കമല്‍ ഹാസന്‍ തനിക്ക് അവസരം നല്‍കിയെന്നും തന്റെ കരിയറില്‍ മികച്ച പാട്ടുകളിലൊന്ന് ആ സിനിമയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരോടും ‘ഇതെന്റെ മകനാണ്’ എന്ന് പറഞ്ഞാണ് തന്നെ പരിചയപ്പെടുത്തിയതെന്നും അതെല്ലാം തനിക്ക് വലിയ കാര്യമാണെന്നും ഡി.എസ്.പി പറയുന്നു. ആ സിനിമയിലെ ‘നീലവാനം’ എന്ന പാട്ടിന്റെ ഷൂട്ട് നടക്കുമ്പോള്‍ തന്നെയും ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ വിളിച്ചെന്നും അത് തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ദേവി ശ്രീ പ്രസാദ്.
‘ദശാവതാരത്തിന് സ്‌കോര്‍ ചെയ്തതോടെയാണ് കമല്‍ സാറും ഞാനും അടുത്തത്. ആ സിനിമക്ക് ശേഷം അതേ ടീം ഒന്നിച്ച മന്മഥന്‍ അന്‍പിലേക്ക് എന്നെ വിളിച്ചു. ആ സിനിമയിലെ പാട്ടുകളെല്ലാം ചെയ്യാന്‍ എന്നെ ഏല്പിച്ചു. ആ സമയത്ത് ഞാന്‍ കമല്‍ സാറുമായി കൂടുതല്‍ അടുത്തു. എല്ലാവരോടും ‘ഇതെന്റെ മകന്‍’ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അത്രമാത്രം അദ്ദേഹം എന്നെ കെയര്‍ ചെയ്തു.
ആ സിനിമയില്‍ റിവേഴ്‌സായി ഷൂട്ട് ചെയ്ത ഒരു പാട്ടുണ്ട്. ‘നീലവാനം’ എന്ന് തുടങ്ങുന്ന പാട്ട് ഇന്നും പലരുടെയും ഫേവറെറ്റാണ്. ആ പാട്ടിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ കമല്‍ സാര്‍ എന്നെ ഫോണില്‍ വിളിച്ചു. ‘എന്ത് ചെയ്യുകയാണ്’ എന്ന് ചോദിച്ചപ്പോള്‍ വെറുതെ ഇരിക്കുകയാണ് എന്ന് പറഞ്ഞു. ‘ഗിറ്റാറുമെടുത്ത് ലൊക്കേഷനിലേക്ക് വാ’ എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.
പാട്ടില്‍ എന്തെങ്കിലും മാറ്റം വരുത്താനായിരിക്കുമെന്ന് വിചാരിച്ചു. കമല്‍ സാര്‍ വിളിച്ച ഉടനെ ലൊക്കേഷനിലേക്ക് പോയി. ഒരു റിസോര്‍ട്ടിലായിരുന്നു ഷൂട്ട്. ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് എല്ലാവരും ആഘോഷിക്കുന്ന സീനാണ്. ‘നീയും ഈ സീനില്‍ നില്‍ക്ക്. ഇത് വളരെ സ്‌പെഷ്യലായിട്ടുള്ള പാട്ടാണ്. കാലങ്ങള്‍ കഴിഞ്ഞ് ഈ പാട്ട് കാണുമ്പോള്‍ അതില്‍ നീയും ഉണ്ടാകണം’ എന്ന് കമല്‍ സാര്‍ പറഞ്ഞു. എനിക്ക് വേണ്ടി അദ്ദേഹം അങ്ങനെ ചെയ്തത് ഒരുകാലത്തും മറക്കില്ല,’ ദേവി ശ്രീ പ്രസാദ് പറയുന്നു.
Content Highlight: Devi Sri Prasad about his bond with Kamal Haasan