'അതൊരിക്കലും സംഭവിക്കരുതായിരുന്നു, തെറ്റുപറ്റി'; പാളിച്ചകള്‍ തുറന്നുസമ്മതിച്ച് ദേവഗൗഡ
national news
'അതൊരിക്കലും സംഭവിക്കരുതായിരുന്നു, തെറ്റുപറ്റി'; പാളിച്ചകള്‍ തുറന്നുസമ്മതിച്ച് ദേവഗൗഡ
ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 2:40 pm

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലിരിക്കെ, പാര്‍ട്ടിയുടെ വിശ്വസ്തരായ നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ ജെ.ഡി.എസിന് പരാജയം സംഭവിച്ചെന്ന് തുറന്നു സമ്മതിച്ച് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. അത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ദേവഗൗഡ പറഞ്ഞു.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജെ.ഡി.എസ്. ഇത് മുന്നില്‍ കണ്ട് പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ക്ക് ദേവഗൗഡ കത്ത് നല്‍കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തോട് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടായിരുന്നെങ്കിലും നേതാക്കളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായിരുന്നെന്ന് ഗൗഡ കത്തില്‍ വ്യക്തമാക്കി.

‘നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടര വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇനി അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ചൂടുപിടിച്ച നീക്കങ്ങള്‍ തുടങ്ങേണ്ടതുണ്ട്. പ്രതിബദ്ധതയോടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ശോഭനമായ ഭാവിയാണ് എന്റെ ആഗ്രഹം’, ഗൗഡ പറഞ്ഞു.

പാര്‍ട്ടി സഖ്യസര്‍ക്കാരില്‍ പങ്കാളിയായിരുന്നിട്ടും, എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നിട്ടും നിങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന കൃത്യമായ ബോധ്യത്തോടെ ഞാനാ തെറ്റ് സമ്മതിക്കുന്നു. അതുമൂലം നിങ്ങളുടെ മനോവീര്യം നഷ്ടപ്പെട്ടത് പാര്‍ട്ടിക്ക് വലിയ വീഴ്ചയുണ്ടാക്കി’, അദ്ദേഹം വിശ്വസ്തരായ പാര്‍ട്ടി നേതാക്കള്‍ക്കയച്ച കത്തില്‍ പറഞ്ഞു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ് കോണ്‍ഗ്രസിനൊപ്പം സഖ്യസര്‍ക്കാരിന് രൂപം കൊടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബി.ജെ.പിക്ക് തിരിച്ചടി സമ്മാനിച്ചുകൊണ്ടായിരുന്നു ഇത്.

തുടര്‍ന്ന് സഖ്യത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തതും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും കാരണം കഴിഞ്ഞ ജൂലൈയില്‍ സഖ്യസര്‍ക്കാര്‍ തകരുകയായിരുന്നു.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നേതാക്കളെയാരെയും നേരിട്ട് കാണാന്‍ കഴിയാത്തതുകൊണ്ടാണ് കത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുന്നെന്നും ദേവഗൗഡ പറഞ്ഞു. നിലവിലെ സാഹചര്യം എത്രകാലം തുടരുമെന്നതില്‍ യാതൊരു നിശ്ചയവുമില്ല. പാര്‍ട്ടി അംഗങ്ങള്‍ നിശബ്ദരായി ഇരിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംഘടിതമായി ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അതത് മണ്ഡലങ്ങളില്‍ സജീവമാവണം. പ്രത്യേകിച്ചും ഗ്രാമപഞ്ചായത്ത് തലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ജെ.ഡി.എസ് പിന്നോട്ടുപോകാന്‍ പാടില്ലെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. അത് മനസിലാക്കി നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൃത്യമായി ഉപയോഗിക്കുകയും ജനങ്ങളോട് നിരന്തരം സംവദിക്കുകയും വേണം. ഈ ദുരിത കാലത്തും പാര്‍ട്ടിയും നേതാക്കളും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ജനങ്ങള്‍ക്ക് നിരന്തരം തോന്നുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങളും കര്‍ഷക വിരുദ്ധ നയങ്ങളും ജനങ്ങളിലേക്കെത്തിക്കണമെന്നും അവയിലൂന്നി ബി.ജെ.പിക്കെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ