കാസര്‍ഗോഡ്: അഹമ്മദാബാദിലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ചതിന് തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍. കാസര്‍ഗോട്ടെ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിദാര്‍ എ. പവിക്കെതിരെയാണ് നടപടി. രഞ്ജിതക്കെതിരായ ജാതി അധിക്ഷേപത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
സമൂഹ മാധ്യമത്തിലൂടെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ രഞ്ജിതയെ അധിക്ഷേപിച്ചത്. സര്‍ക്കാര്‍ ജോലിയുണ്ടായിട്ടും യുവതി വിദേശത്തേക്ക് പോയെന്നും നായര്‍ സ്ത്രീകളുടെ പാരമ്പര്യം അറിയില്ലേയെന്നും കിട്ടേണ്ടത് കിട്ടിയെന്നുമായിരുന്നു രഞ്ജിതയുടെ മരണത്തില്‍ എ. പവി പ്രതികരിച്ചത്.
ദ്വയാർത്ഥ പ്രയോഗത്തോട് കൂടിയായിരുന്നു തഹസില്‍ദാരുടെ പോസ്റ്റ്. രഞ്ജിതയുടെ മരണത്തില്‍ അനുശോചിച്ച് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ഇയാള്‍ കമന്റിടുകയിരുന്നു. സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നതോടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീണ്ടും അധിക്ഷേപ കമന്റ് ഷെയര്‍ ചെയ്യുകയുമായിരുന്നു.
ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ റവന്യൂ വകുപ്പ് കലക്ടറോട് വിശദീകരണം തേടി. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തുകയും സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
അതേസമയം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്നിവര്‍ പത്തനംതിട്ടയിലെ രഞ്ജിതയുടെ വീട് സന്ദര്‍ശിച്ചു.
ജീവിതത്തിന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോവുകയായിരുന്ന രഞ്ജിതയുടെ വിയോഗം ഒരു നാടിന്റെ മുഴുവന്‍ ദുഖമാണെന്നും കുടുംബത്തിനുണ്ടായിട്ടുള്ള നഷ്ടത്തിലും കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഖത്തിലും പങ്കുചേരുന്നതായും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ബ്രിട്ടനിലെ പോട്സ് മൗത്തിലുള്ള ആശുപത്രിയിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്. ദീര്‍ഘകാലം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത ശേഷം ഒരു വര്‍ഷം മുന്‍പാണ് രഞ്ജിത ലണ്ടനിലേക്ക് ജോലിക്കായി പോയത്.
Content Highlight: Deputy Tehsildar suspended for insulting Ranjitha, who died in Ahmedabad plane crash