ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തി പാഠപുസ്തകമിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala
ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തി പാഠപുസ്തകമിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th September 2025, 8:13 am

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തി പാഠപുസ്തകമിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലാണ് ഗവര്‍ണറുടെ അധികാരപരിധി സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്.

പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തിലാണ് ഈ വിവരങ്ങളുള്ളത്. നാല് പേജുകളിലായാണ് ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവന്‍, അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരം, ഗവര്‍ണര്‍ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനമല്ല തുടങ്ങിയ പ്രധാന വിവരങ്ങളും ഗവര്‍ണറുടെ കാര്യനിര്‍വഹണ-നീതിന്യായ-നിയമനിര്‍മാണ-വിവേചന അധികാരങ്ങളുമാണ് പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്.

ഗവര്‍ണറുടെ അധികാരപരിധിയും ചുമതലകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

നിലവില്‍ ഈ അധ്യയനവര്‍ഷത്തില്‍ പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ മാത്രമാണ് ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു പാഠപുസ്തകങ്ങളില്‍ കൂടി ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തും.

അതേസമയം ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍വകലാശകളിലെ സ്ഥിരം വി.സി നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ രാജേന്ദ്ര ആര്‍ലേക്കര്‍ തിരിച്ചടി നേരിട്ടിരുന്നു.

വി.സിമാരുടെ നിയമനപ്രകിയയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചാന്‍സലറുടെ ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. ഹരജി ലിസ്റ്റ് ചെയ്യാനും കോടതി തയ്യാറായിരുന്നില്ല.

സെര്‍ച്ച് കമ്മറ്റിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം ചാന്‍സലറുടെ ആവശ്യം പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ആവശ്യത്തോടൊപ്പം യു.ജി.സി പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. വി.സി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നാണ് ചാന്‍സലറുടെ വാദം.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി.

വൈസ് ചാന്‍സലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ ഈ പട്ടിക ചാന്‍സലറായ തനിക്ക് കൈമാറണമെന്നും ആര്‍ലേക്കര്‍ കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Department of Public Education publishes textbooks that include governor’s jurisdiction