ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ദല്‍ഹി പൊലീസിന്റെ എഫ്.ഐ.ആര്‍; പൊലീസ് മോശമായി പെരുമാറിയെന്ന് സമരക്കാര്‍
national news
ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ദല്‍ഹി പൊലീസിന്റെ എഫ്.ഐ.ആര്‍; പൊലീസ് മോശമായി പെരുമാറിയെന്ന് സമരക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 10:52 am

ന്യൂദല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്കെതിരെ ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ദല്‍ഹി സര്‍വകലാശാലയില്‍ മാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഹിജാബ് നിരോധനത്തിനെതിരെയുള്ള സമരം രാജ്യതലസ്ഥാനത്തും ശക്തമായിരിക്കുകയാണ്.

ദല്‍ഹി സര്‍വകലാശാലയുടെ ഭാഗമായ ഛത്ര മാര്‍ഗില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച അഞ്ച് പേര്‍ക്കെതിരെയാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത്.

വ്യാഴാഴ്ച ദല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി ഹിജാബ് വിഷയത്തില്‍ നിരവധി സമരപരിപാടികളാണ് നടന്നത്.

ഷഹീന്‍ബാഗില്‍ കഴിഞ്ഞദിവസം നടന്ന സമരത്തില്‍ പങ്കെടുത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സമാധാനപരമായാണ് തങ്ങള്‍ സമരം ചെയ്തിരുന്നതെന്നാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ പറയുന്നത്.

”അനുമതിയില്ലാതെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. നിയമ നടപടികള്‍ക്ക് ശേഷം ഇവരെ റിലീസ് ചെയ്തിട്ടുണ്ട്,” ദല്‍ഹി സൗത്ത്ഈസ്റ്റ് ഡി.സി.പി ഇഷ പാണ്ഡെ പ്രതികരിച്ചു.

അതേസമയം, സമരക്കാര്‍ക്കെതിരെ പൊലീസ് മോശമായി പെരുമാറി, എന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (AISA) ജെ.എന്‍.യു സെക്രട്ടറി മധുരിമ കണ്ഡു ആരോപിച്ചു.

”മാധ്യമങ്ങളുമായി സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടക്ക് ഞാന്‍ ധരിച്ചിരുന്ന പാന്റ് പിടിച്ച് വലിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ഞങ്ങളുടെ മുന്നില്‍ വെച്ച് വര്‍ഗീയ കമന്റും പറഞ്ഞിരുന്നു,” മധുരിമ ആരോപിച്ചു.

എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് ഉപദ്രവിച്ചു എന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ദല്‍ഹി ഡി.സി.പി ദീപക് യാദവ് പറഞ്ഞു.

”നിരോധന ഉത്തരവ് ഉണ്ടായിരുന്നിട്ട് പോലും കൗടില്യ മാര്‍ഗില്‍ ചില സമരക്കാര്‍ ഒത്തുകൂടി. അവരെ നീക്കം ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസ് ക്രൂരത, ഉപദ്രവം എന്നീ ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ്,” ദീപക് യാദവ് പ്രതികരിച്ചു.

സമരങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് പൊലീസ്, സി.ആര്‍.പി.എഫ് എന്നിവയുടെ വിന്യാസം ദല്‍ഹിയില്‍ ശക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.


Content Highlight: Delhi police FIR against five at Delhi University march, protesters allege that police misbehaved