'ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചര്‍ച്ചകള്‍, ജില്ല മജിസ്‌ട്രേറ്റുമാര്‍ റാലികള്‍ സംഘടിപ്പിക്കണം'; നിര്‍ദേശവുമായി അരവിന്ദ് കെജ്‌രിവാള്‍
DELHI VIOLENCE
'ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചര്‍ച്ചകള്‍, ജില്ല മജിസ്‌ട്രേറ്റുമാര്‍ റാലികള്‍ സംഘടിപ്പിക്കണം'; നിര്‍ദേശവുമായി അരവിന്ദ് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2020, 12:22 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.  ചര്‍ച്ചകളില്‍ എം.എല്‍.എമാര്‍ പങ്കെടുക്കണമെന്നും കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദല്‍ഹിയിലെ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. സമാധാനം പുനഃസ്ഥാപിക്കാന്‍ നമ്മുടെ എം.എല്‍.എമാര്‍ ഈ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണം. സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും സമാധാന റാലികള്‍ സംഘടിപ്പിക്കണം.’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

നിലവിലെ സംഘര്‍ഷാവസ്ഥയെ നിയന്ത്രിക്കാന്‍ ദല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കേണ്ടതുണ്ടെന്നും ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഏഴ് പേരാണ് ഇതുവരെ സംഭവത്തെ തുര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടപെടുന്നില്ലെന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായും കെജ്‌രിവാളുമായി നടത്തുന്ന ചര്‍ച്ച അരംഭിച്ചു. കെജ്‌രിവാളിനും ഗവര്‍ണര്‍ക്കും പുറമെ ദല്‍ഹി നോര്‍ത്ത് ബ്ലോക്കിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ