ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസ് തള്ളി ദൽഹി കോടതി
national news
ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസ് തള്ളി ദൽഹി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th February 2025, 8:44 am
ഓരോ പ്രസംഗത്തെയും പ്രകടനത്തെയും അപകീർത്തികരമായി കണ്ടാൽ, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറുമെന്ന് കോടതി പറഞ്ഞു.

ന്യൂദൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ മാനനഷ്ടക്കുറ്റം ചുമത്തി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ക്രിമിനൽ പരാതി തള്ളി ദൽഹി കോടതി. പ്രസിദ്ധീകരിച്ച മൂന്ന് അഭിമുഖങ്ങളിലും/വാർത്തകളിലും തരൂർ ഒരിക്കൽ പോലും ബി.ജെ.പിയെക്കുറിച്ചോ എൻ.ഡി.എയെക്കുറിച്ചോ ചന്ദ്രശേഖറിനെക്കുറിച്ചോ പരാമർശിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ മാനനഷ്ടക്കേസ് തള്ളുകയായിരുന്നു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ശശി തരൂർ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാതി. ബി.ജെ.പി സ്ഥാനാർഥി വോട്ടിനായി പണം നൽകുന്നുവെന്ന് തരൂർ പറഞ്ഞെന്നായിരുന്നു പരാതി. എന്നാൽ, തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

മൂന്ന് അഭിമുഖങ്ങളിലും കോൺഗ്രസ് നേതാവ് തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണവും പരാതിക്കാരന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ഓരോ പ്രസംഗത്തെയും പ്രകടനത്തെയും അപകീർത്തികരമായി കണ്ടാൽ, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറുമെന്ന് കോടതി പറഞ്ഞു.

‘പ്രതി പരാതിക്കാരനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല. ഹാജരാക്കിയ തെളിവുകൾ കാണിക്കുന്നത് നിർദ്ദിഷ്ട പ്രതി ഒരിക്കലും പരാതിക്കാരനെ നേരിട്ട് കുറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചിട്ടോ ഇല്ല എന്നാണ്,’ കോടതി പറഞ്ഞു.

ബി.ജെ.പി തങ്ങളെക്കാൾ രണ്ടോ മൂന്നോ ഇരട്ടി കൂടുതൽ ചെലവഴിക്കുന്നുണ്ടെന്ന് തരൂർ ആരോപിക്കുന്നത് പരാതിക്കാരനെ കുറ്റപ്പെടുത്തുന്നതോ അപകീർത്തിപ്പെടുത്തുന്നതോ അല്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ മുഴുവൻ സാഹചര്യത്തെയും മുൻനിർത്തിയാണ് തരൂർ അത്തരം പ്രസ്താവന നടത്തിയതെന്ന് കോടതി പറഞ്ഞു.

അതേസമയം, ഇതേവിഷയത്തിൽ പത്തു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ഹരജിയിൽ തരൂരിന് സമൻസ് അയയ്ക്കാൻ ദൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസ് ഏപ്രിൽ 28ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

 

Content Highlight: Delhi court junks defamation case against Congress MP Shashi Tharoor