'മസിലും പണവും ഉപയോഗിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു'; യുവമോര്‍ച്ചക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്
national news
'മസിലും പണവും ഉപയോഗിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു'; യുവമോര്‍ച്ചക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd November 2022, 8:55 am

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എം.സി.ഡി) തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നുമാരോപിച്ച് ബി.ജെ.പിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തും ചെയ്യുമെന്ന തരത്തിലാണ് ബി.ജെ.പി നില്‍ക്കുന്നതെന്നും ബി.ജെ.പിയുടെ പാത പിന്തുടര്‍ന്ന് അഴിമതി നടത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

സി.എ.എ- എന്‍.ആര്‍.സി, ദല്‍ഹി കലാപം പോലുള്ള വിഷയങ്ങളില്‍ അരവിന്ദ് കെജ്‌രിവാള്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും എം.സി.ഡി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ബി.ജെ.പി യുവമോര്‍ച്ച അക്രമപാത തെരഞ്ഞെടുത്തപ്പോഴും ആം ആദ്മി അധ്യക്ഷന്‍ പ്രതികരിച്ചില്ലെന്നും ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അനില്‍ ചൗധരി ആരോപിച്ചു.

”അഴിമതി, മലിനീകരണ പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് പകരം, എം.സി.ഡിയിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വോട്ട് ആവശ്യപ്പെടുന്നതിന് പകരം, ക്രിമിനല്‍ വഴികളിലൂടെ ബി.ജെ.പി ഭീഷണിയുടെ തന്ത്രം പ്രയോഗിക്കുകയാണ്.

ഇത് എം.സി.ഡി തെരഞ്ഞെടുപ്പിന് തന്നെ തിരിച്ചടിയാകും. എം.സി.ഡിയെ ഏറ്റവും അഴിമതി നിറഞ്ഞ ഡിപ്പാര്‍ട്‌മെന്റാക്കി ബി.ജെ.പി മാറ്റിയിരിക്കുകയാണ്,” അനില്‍ ചൗധരി പറഞ്ഞു.

വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ പണവും ആയുധങ്ങളും ഉപയോഗിക്കുമെന്ന് പരസ്യമായി ‘പ്രതിജ്ഞ’യെടുത്തവരാണ് യുവമോര്‍ച്ച അംഗങ്ങളെന്ന് പറഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ.പിയുടെ ഒട്ടുമിക്ക ‘താര പ്രചാരകരും’ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും ഇവര്‍ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെയും മറ്റും നാട്ടിലെ ജനങ്ങള്‍ക്കുള്ളില്‍ വിദ്വേഷം നിറക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ആരോപിച്ചു.

”ബി.ജെ.പിക്കെതിരെ ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കും. കാരണം അവരുടെ യൂത്ത് വിങ്
പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ പണവും ശാരീരിക ബലവും ഉപയോഗിക്കുകയാണ്.

ഇത്തരം ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ദല്‍ഹി പൊലീസിനോട് ആവശ്യപ്പെടും. എന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് സമാധാനപരമായും ജനാധിപത്യപരമായതുമായ സാഹചര്യത്തില്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താനാകൂ,” അനില്‍ ചൗധരി വ്യക്തമാക്കി.

അതേസമയം ദല്‍ഹി കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ നാലിനാണ് നടക്കുന്നത്. ബി.ജെ.പി തങ്ങളുടെ 232 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരുന്നു.

Content Highlight: Delhi Congress president says they will file a police complaint against BJP’s Yuva Morcha