'ഫിഫയുടെ മഞ്ഞക്കാര്‍ഡിന് പേടിപ്പിക്കാനായില്ല'; വണ്‍ ലവ് ബാന്‍ഡണിഞ്ഞ് ബി.ബി.സി മാധ്യമപ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്
World News
'ഫിഫയുടെ മഞ്ഞക്കാര്‍ഡിന് പേടിപ്പിക്കാനായില്ല'; വണ്‍ ലവ് ബാന്‍ഡണിഞ്ഞ് ബി.ബി.സി മാധ്യമപ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd November 2022, 8:22 am

ദോഹ: എല്‍.ജി.ബി.ടിക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ‘വണ്‍ ലവ്’ എന്ന് രേഖപ്പെടുത്തിയ ആംബാന്‍ഡ് ധരിച്ച് ലോകകപ്പില്‍ കളിക്കാനിറങ്ങുമെന്ന് യൂറോപ്പില്‍ നിന്നുള്ള ഏഴ് ടീമുകളുടെ നായകന്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനത്തെ വിലക്കി ഫിഫ രംഗത്തെത്തിയിരുന്നു.

‘വണ്‍ ലവ്’ ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയാല്‍ മത്സരം തുടങ്ങി അടുത്ത നിമിഷം തന്നെ മഞ്ഞ കാര്‍ഡ് കാണിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഫിഫ മുന്നറിയിപ്പ് നല്‍കിയത്.

തുടര്‍ന്ന് ഇംഗ്ലണ്ട് അടക്കമുള്ള യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ മഴവില്‍ ബാന്‍ഡ് ധരിക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ ഫിഫയുടെ തീരുമാനത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ബി.സി മാധ്യമപ്രവര്‍ത്തക അലക്സ് സ്‌കോട്ട്.

ഖലീഫ സ്റ്റേഡിയത്തില്‍ ഇറാനെതിരെയുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ലൈനപ്പിനേക്കുറിച്ചും ഇറാന്‍ ടീമിനേക്കുറിച്ചും അലക്സ് സ്‌കോട്ട് ബി.ബി.സിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് കയ്യില്‍ ‘വണ്‍ ലവ്’ മഴവില്‍ ബാന്‍ഡ് അണിഞ്ഞുകൊണ്ടായിരുന്നു.

അലക്സ് സ്‌കോട്ട് ഗ്രൗണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മുന്‍ ഇംഗ്ലീഷ് താരങ്ങളായ ഗാരി ലിനേക്കര്‍, അലന്‍ ഷിയറര്‍, റിയോ ഫെര്‍ഡിനാന്‍ഡ്, മിക്ക റിച്ചാര്‍ഡ്സ് എന്നിവരാണ് ബി.ബി.സിയുടെ സ്റ്റുഡിയോയിലുണ്ടായിരുന്നത്.

അലക്സ് സ്‌കോട്ട് ബാന്‍ഡ് അണിഞ്ഞിരിക്കുന്ന വിവരം മറ്റൊരു അവതാരകയായ കെല്ലി സോമേഴ്സ് ഈ റിപ്പോര്‍ട്ടിങ്ങിനിടെ പറയുന്നുണ്ട്. ഇംഗ്ലണ്ട് താരങ്ങള്‍ വണ്‍ ലവ് ബാന്‍ഡ് അണിയില്ലെന്ന് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് തന്നോട് നേരിട്ട് സ്ഥിരീകരിച്ചെന്നും മാധ്യമപ്രവര്‍ത്തക ലൈവ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഫിഫ നിലപാടിന് പിന്നാലെ ‘വണ്‍ ലവ്’ ന് പകരം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ‘നോ ഡിസ്‌ക്രിമിനേഷന്‍’ (വിവേചനം അരുത്) എന്ന ആം ബാന്‍ഡ് അണിഞ്ഞാണ് ഇറാനെതിരെ കളിക്കാനിറങ്ങിയത്.

എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ പിന്തുണക്കാനുമാണ് വണ്‍ ലവ് ക്യാമ്പെയ്ന്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളും അവരുടെ ലോഗോ മഴവില്‍ നിറമാക്കി മാറ്റിക്കൊണ്ട് വണ്‍ ലവ് ക്യാമ്പെയ്നില്‍ പങ്കാളികളായിരുന്നു. മഴവില്‍ നിറത്തിലുള്ള ഹൃദയ ചിഹ്നത്തില്‍ 1 (വണ്‍) എന്നെഴുതിയ ബാന്‍ഡാണ് ക്യാമ്പെയ്നിന്റെ ഭാഗമായി മുന്നോട്ട് വെച്ചിരുന്നത്.