'സെഞ്ച്വറിയടിച്ച' അര്‍ഷ്ദീപിനും ബുംറയ്ക്കുമില്ല; ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി ദീപ്തി
Cricket
'സെഞ്ച്വറിയടിച്ച' അര്‍ഷ്ദീപിനും ബുംറയ്ക്കുമില്ല; ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി ദീപ്തി
ഫസീഹ പി.സി.
Friday, 26th December 2025, 10:42 pm

ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ടി – 20യില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഹര്‍മന്‍പ്രീതിന്റെയും സംഘത്തിന്റെയും വിജയം. വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകളെ ഇന്ത്യന്‍ സംഘം കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയിരുന്നു. ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ്. താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതാകട്ടെ നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു.

ദീപ്തി ശര്‍മ. Photo: BCCI Women/x.com

ലങ്കയ്ക്ക് എതിരെ മൂന്ന് വിക്കറ്റ് എടുത്തതോടെ ടി – 20യില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ദീപ്തിയ്ക്ക് സാധിച്ചു. നിലവില്‍ താരത്തിന് കുട്ടി ക്രിക്കറ്റില്‍ 151 വിക്കറ്റുകളാണുള്ളത്. ഇതോടെ ടി – 20യില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം താരം സ്വന്തം അക്കൗണ്ടിലെത്തിച്ചു.

ഇന്ത്യയുടെ മറ്റൊരു വനിതാ താരത്തിനോ പുരുഷ താരങ്ങള്‍ക്കോ ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. അതുമാത്രമല്ല, ദീപ്തി വിക്കറ്റ് നേട്ടത്തില്‍ മറ്റാരേക്കാളും ഏറെ മുന്നിലാണ്. ടി – 20യിലെ ഇന്ത്യക്കാരുടെ വിക്കറ്റ് നേട്ടത്തില്‍ 151 വിക്കറ്റുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ തൊട്ട് പിന്നിലുള്ള അര്‍ഷ്ദീപ് സിങ്ങിന് 110 വിക്കറ്റാണുള്ളത്.

ടി – 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

ദീപ്തി ശര്‍മ – 128 – 151

അര്‍ഷ്ദീപ് സിങ് – 71 – 110

ജസ്പ്രീത് ബുംറ – 80 – 103

രാധ യാദവ് – 86 – 103

ഹര്‍ദിക് പാണ്ഡ്യ – 112 – 101

ദീപ്തിയ്ക്ക് പുറമെ, രേണുക സിങ് യാദവും ബൗളിങ്ങില്‍ തിളങ്ങി. താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഷെഫാലി വര്‍മ. Photo: Johns/x.com

ബാറ്റിങ്ങില്‍ ഇന്ത്യക്കായി ഷെഫാലി വര്‍മ അര്‍ധ സെഞ്ച്വറി സ്‌കോര്‍ ചെയ്ത് മികച്ച പ്രകടനം നടത്തി. താരം 42 പന്തില്‍ 79 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Content Highlight: Deepti Sharma became first Indian bowler to complete 150 wickets in T20I

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി