ബോളിവുഡിലെ നമ്പർ വൺ നായികയാണ് ദീപിക പദുകോൺ. കന്നഡ ചിത്രമായ ഐശ്വര്യയിലൂടെ സിനിമാ ജീവിതം ആരംഭിച്ച ദീപികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഓം ശാന്തി ഓം. ഷാരൂഖ് ഖാനെ നായകനാക്കി ഫറാ ഖാൻ സംവിധാനം ചെയ്ത് 2007 ൽ റിലീസായ ചിത്രമാണ് ഇത്. ആദ്യ ബോളിവുഡ് ചിത്രം കൊണ്ടുതന്നെ തിരക്കുള്ള നായികയായി മാറാൻ ദീപികയ്ക്ക് കഴിഞ്ഞു.
താൻ കടന്നുപോയ വിഷാദരോഗത്തെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നിൽ ദീപിക തുറന്ന് സംസാരിച്ചിരുന്നു. ഡിപ്രഷനെ കുറിച്ച് ബോധവൽക്കരണം നടത്താനും മെന്റൽ ഹെൽത്തിന് വേണ്ടി ലീവ് ലവ് ലാഫ് എന്ന ഫൗണ്ടേഷൻ തുടങ്ങാനും ദീപിക മുൻകൈ എടുത്തിരുന്നു. ഇപ്പോൾ തന്ന നേരിട്ട വിഷാദത്തെ കുറിച്ച് സംസാരിക്കുകയാണ് ദീപിക പദുകോൺ.
‘മാനസികപ്രശ്നം വന്നാൽ അതേക്കുറിച്ച് പറയാൻ ഭയമാണ് പലർക്കും. എനിക്ക് ഡിപ്രഷൻ വന്നു. കുടുംബം ഭയങ്കര സപ്പോർട്ടായി കൂടെനിന്നു. എനിക്ക് അവാർഡൊക്കെ കിട്ടി സന്തോഷമുള്ള സമയത്താണത് ഉണ്ടായത്. ഒരു ദിവസം ഉണർന്നപ്പോൾ മനസ് വളരെ ശൂന്യമായി തോന്നി. ആശയക്കുഴപ്പത്തോടെയാണ് ഞാൻ ഉണർന്നത്.
എങ്ങോട്ട് പോവണമെന്നോ എന്ത് ചെയ്യണമെന്നോ അറിയുന്നില്ല. ചെറിയ കാര്യങ്ങൾക്കുപോലും ഞാൻ കരഞ്ഞു. അച്ഛനുമമ്മയും കുറച്ചുദിവസത്തേക്ക് എന്റെയൊപ്പം താമസിക്കാൻ വന്നിരുന്നു. അവർ അന്ന് പോവുകയാണ്. അവർ ഒരുങ്ങിക്കൊണ്ടുനിന്ന റൂമിൽ ചെന്ന് ഞാൻ കരയാൻ തുടങ്ങി. പിരിയുന്നതോർത്താവും എന്ന് അവർ കരുതി. പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ എന്റെ കരച്ചിലിൽ എന്തോ പ്രശ്‌നമുള്ളതായി അമ്മയ്ക്ക് തോന്നി.
അമ്മ എന്നെ അടുത്തിരുത്തി സംസാരിക്കാൻ തുടങ്ങി. പ്രത്യേകിച്ച് കാരണമൊന്നും എനിക്കും പറയാനില്ല. അച്ഛനെ യാത്രയാക്കി അമ്മ എൻ്റെ കൂടെത്തന്നെ നിന്നു. ഒരു മാസത്തോളം എനിക്ക് പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നു. അവരുടെ മുന്നിൽ ചിരിച്ച് സംസാരിച്ച ഞാൻ വീട്ടിലെത്തിയ ഉടൻ കരയാൻ തുടങ്ങും.
അമേരിക്കൻ യാത്രയുണ്ടായി. എനിക്ക് സുഖം തോന്നി. പക്ഷെ തിരിച്ച് വീട്ടിലെത്തിയപ്പോൾ ഞാൻ കരച്ചിൽ തുടങ്ങി. ചില ദിവസം ഉണരാൻ മടിച്ചിട്ട് കിടക്കയിൽത്തന്നെ കിടന്നു. ഉണരാനല്ല, ഉറങ്ങാനായിരുന്നു അപ്പോഴെനിക്ക് ഇഷ്ടം.
മാനസിക പ്രശ്‌നത്തെ മനുഷ്യർക്ക് വരാവുന്ന മറ്റേതൊരു ആരോഗ്യപ്രശ്‌നത്തേയും പോലെ കാണാൻ സമൂഹത്തിന് കഴിയണം. പ്രശ്നം വരുന്നവർക്ക് അതേക്കുറിച്ച് തുറന്നുപറയാനും വേണ്ട ചികിത്സ തേടാനും സാധിക്കണം. അതായിരുന്നു ടി.വിയിലെ ആ തുറന്നുപറച്ചിലിലൂടെ ഞാനുദ്ദേശിച്ചത്,’ ദീപിക പദുകോൺ പറയുന്നു.