എന്റെ തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു; സ്പിരിറ്റ് സിനിമയുടെ വിവാദങ്ങള്‍ക്കിടയില്‍ ദീപിക പദുക്കോണിന്റെ ആദ്യ പ്രതികരണം
Entertainment
എന്റെ തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു; സ്പിരിറ്റ് സിനിമയുടെ വിവാദങ്ങള്‍ക്കിടയില്‍ ദീപിക പദുക്കോണിന്റെ ആദ്യ പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 1:27 pm

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആയിരിക്കും നായിക എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദീപികയ്ക്ക് പകരം തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ പുതിയ നായിക.

സ്പിരിറ്റില്‍ നിന്ന് ദീപിക പദുക്കോണ്‍ പുറത്തായത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുറത്താക്കലിന് പിന്നിലെ കാരണം ദീപികയുടെ’പ്രൊഫഷണലല്ലാത്ത’ ആവശ്യങ്ങളാണെന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നുണ്ട്. ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് താരം. താന്‍ ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയാണെന്നും തന്റെ തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ദീപിക പറയുന്നു.

ചൊവ്വാഴ്ച സ്റ്റോക്ക്‌ഹോമില്‍ നടന്ന കാര്‍ട്ടിയറിന്റെ ഒരു പരിപാടിക്കിടെ വോഗ് അറേബ്യയോട് സംസാരിക്കുകയായിരുന്നു ദീപിക പദുക്കോണ്‍. കാര്‍ട്ടിയറിന്റെ ഗ്ലോബല്‍ അംബാസിഡറാണ് ദീപിക.

‘സത്യസന്ധതയും ആധികാരികതയും പുലര്‍ത്തുക എന്നതാണ് എന്നെ ബാലന്‍സ്ഡ് ആയി നിലനിര്‍ത്തുന്നതെന്ന് ഞാന്‍ കരുതുന്നു. സങ്കീര്‍ണവും പ്രയാസകരമായ സാഹചര്യങ്ങളോ നേരിടേണ്ടി വരുമ്പോഴെല്ലാം, എന്റെ ഉള്ളില്‍ എന്താണ് പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കും. എനിക്ക് ശരിക്കും സമാധാനം നല്‍കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. അപ്പോഴാണ് ഞാന്‍ ഏറ്റവും ബാലന്‍സ്ഡ് ആയി എനിക്ക് തോന്നുക,’ ദീപിക പദുക്കോണ്‍ പറയുന്നു.

എന്നാല്‍ തന്നെ മാറ്റിയതിന് പിന്നാലെ സ്പിരിറ്റിന്റെ കഥ ബോളിവുഡ് സിനിമാസെറ്റുകളില്‍ പി.ആര്‍. വര്‍ക്കര്‍മാരെ ഉപയോഗിച്ച് ദീപിക ലീക്ക് ചെയ്യിച്ചെന്ന് ആരോപണം ഉയര്‍ന്നു. ഇതിന് മറുപടിയായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക ദീപികയുടെ പേരെടുത്ത് പറയാതെ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഒരു ആര്‍ട്ടിസ്റ്റിനോട് കഥ പറയുമ്പോള്‍ അവരും സംവിധായകനും തമ്മില്‍ കഥ വെളിപ്പെടുത്തരുതെന്ന കരാര്‍ ഉണ്ടാകാറുണ്ടെന്ന് സന്ദീപ് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അത് ലംഘിക്കുന്നതിലൂടെ അവര്‍ എത്തരത്തിലുള്ള ആളാണെന്ന് വെളിപ്പെടുത്തുന്നുണ്ടെന്നും സന്ദീപ് പോസ്റ്റില്‍ കുറിച്ചു. പ്രായം കുറഞ്ഞ ഒരു ആര്‍ട്ടിസ്റ്റിനെ വെച്ച് കഥ ലീക്കാക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും സന്ദീപ് ചോദിക്കുന്നുണ്ട്.

Content Highlight: Deepika Padukone’s first response amid the Spirit movie controversy