പുറത്തിറക്കിയതുമാത്രമല്ല, അകത്താക്കിയതും ആരാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം: മുഖപ്രസംഗവുമായി ദീപിക
Kerala
പുറത്തിറക്കിയതുമാത്രമല്ല, അകത്താക്കിയതും ആരാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം: മുഖപ്രസംഗവുമായി ദീപിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd August 2025, 10:04 am

കോഴിക്കോട്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബി.ജെ.പിയെ വിമര്‍ശിച്ച് ദീപികയുടെ മുഖപ്രസംഗം. മതേതരത്വത്തിന്റെ ഇന്ത്യന്‍ സ്റ്റോറി എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ഭരണകൂടത്തിന്റെ പിന്തുണയില്‍ ആര്‍ജിച്ച ഫാസിസ്റ്റ് കുതിപ്പിനെ മതേതര ഇന്ത്യ താത്കാലികമായെങ്കിലും തടഞ്ഞുവെന്ന് എഡിറ്റോറിയലില്‍ പറയുന്നു.

ബജ്‌രംഗ്ദളുകാരുടെ ആജ്ഞാനുസരണം കേസെടുത്ത ഛത്തീസ്ഗഢ് പൊലീസ് ആക്രമണം അഴിച്ചുവിട്ട ജ്യോതി ശര്‍മ എന്ന സ്ത്രീക്കെതിരെ ഒരു പെറ്റിക്കേസ് പോലുമെടുത്തിട്ടില്ലെന്ന് ഓര്‍മപ്പെടുത്തി. നിരപരാധികളായ രണ്ട് കന്യാസ്ത്രീകള്‍ ജയിലില്‍ തടവുകാര്‍ക്കൊപ്പം കഴിയേണ്ടി വന്നെന്നും ഇതാണ് സബ് കാ സാത്ത് സബ് കാ വികാസെന്നും പറയുന്നു.

കിട്ടിയ അവസരം മുതലെടുത്ത് ക്രൈസ്തവ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനും കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും ചിലര്‍ പറഞ്ഞെന്നും അവരെയെല്ലാം ഒന്നാന്തരം പൗരന്മാരെന്ന് ആരോ തെറ്റിദ്ധരിപ്പിരിപ്പിച്ചിട്ടുണ്ടെന്നും എഡിറ്റോറിയലില്‍ കുറിച്ചിട്ടുണ്ട്. അത്തരം ആളുകള്‍ ഭരണഘടനയാണെന്ന് കരുതി ഏതോ ചിന്താധാര വായിച്ചിട്ടുണ്ടെന്നും ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

ആരാണ് ക്രിസ്ത്യാനികളെ പുറത്തിറക്കാന്‍ സഹായിച്ചതെന്നും അകത്താക്കിയത് ആരുടെ ബലത്തിലാണെന്ന് അറിയാമെന്നും അക്കാര്യത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ ആത്മപരിശോധന നടത്തിയെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഒറിസയില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തീയിട്ടുകൊന്ന ഗ്രഹാം സ്റ്റെയിനിനെയും കുടുംബത്തെയും കുറിച്ചും പ്രസംഗത്തില്‍ കുറിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് എന്‍.ഐ.എ കോടതി കന്യാസ്ത്രീകള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ഇരുവരും ജയില്‍ മോചിതരാവുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, രണ്ടുദിവസത്തില്‍ ഒരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, പാസ്‌പോര്‍ട് കോടതിയില്‍ ഹാജരാക്കണം എന്നിവയാണ് ഉപാധികള്‍.

ജൂലൈ 25നാണ് മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. റയില്‍വേ സ്റ്റേഷനിലെത്തിയ കന്യാസ്ത്രീകളെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ശനിയാഴ്ച ഇരുവര്‍ക്കും ജാമ്യം കിട്ടിയതിന് പിന്നാലെ ബജ്‌രംഗ്ദള്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.

Content Highlight: Deepika Daily’s editorial after the nuns got bail