വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ മനോജ് എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ദീപക് പറമ്പോൽ. തുടർന്ന് തിര, ഡി-കമ്പനി, കുഞ്ഞിരാമായണം, ബി ടെക്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വരവ്. ഇപ്പോഴിതാ തനിക്ക് സിനിമാ ജീവിതത്തിലേക്ക് വഴിതുറന്നു നൽകിയ തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ അഭിനയാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഷോസ്‌കേപ്പ് ജേണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
‘തട്ടത്തിൻ മറയത്തിൽ ഞാൻ പാർട്ടി ഓഫീസിൽ വെച്ച് പറയുന്ന സഖാവിന്റെ ആ ഡയലോഗ് ഭയങ്കര ഹിറ്റായിരുന്നു. ആ ഡയലോഗ് ഷൂട്ടിന് മുമ്പേ എനിക്ക് തന്നിട്ടുണ്ടായിരുന്നു. സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ എനിക്ക് അവിടെയും ഇവിടെയുമായി വളരെ കുറച്ച് ഡയലോഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വിനീതേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, എടാ ഇതിൽ തിയേറ്ററുകളിൽ വർക്ക് ആവാൻ സാധ്യതയുള്ള ഒരു സീക്വൻസ് ഉണ്ട് എന്ന്. പക്ഷേ അപ്പോഴും ഞാൻ വിചാരിച്ചത് അഭിനയിക്കാൻ കുറച്ചുകൂടി സീനുകൾ ഉണ്ടായിരുന്നെങ്കിൽ എന്നാണ്. എന്റെ ഡയലോഗുകൾ വീട്ടിൽ പോയി പഠിക്കാൻ വേണ്ടി ഒരു അഞ്ചാറ് ദിവസത്തെ ഗ്യാപ്പും ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിന്റെ സമയത്ത് ഞാൻ പഠിച്ചതെല്ലാം മറന്നുപോയി.
ആ പാർട്ടി ഓഫീസിലെ സീക്വൻസിന് തൊട്ടുമുന്നേ എനിക്ക് ടെൻഷൻ അടിച്ചിട്ട് ബാത്റൂമിൽ പോകാൻ വരെ തോന്നുന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ. ആദ്യമെടുത്തപ്പോൾ അത് സെറ്റായില്ല, പിന്നെ വിനീതേട്ടൻ കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞുതന്ന് എടുത്തപ്പോൾ ഒക്കെയായി. അപ്പോൾ തന്നെ സെറ്റിലുള്ളവരെല്ലാം കൈയടിച്ചിരുന്നു. തിയേറ്ററിലും അതിന് വലിയ കൈയടി കിട്ടി. പക്ഷേ സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ആ ക്യാരക്ടറിന്റെ ഇമ്പാക്ട് ഇത്രത്തോളം ഉണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഞാൻ അന്ന് എന്റെ ഡയലോഗുകളുടെ എണ്ണം മാത്രമാണ് നോക്കിയിരുന്നത്. എന്നാൽ സിനിമ ഇറങ്ങിയ സമയത്തും ഇപ്പോഴും ആ ക്യാരക്ടറിനെക്കുറിച്ചുള്ള റീലുകളൊക്കെ കാണാറുണ്ട്. ഒരുപക്ഷേ ആ സിനിമയിലെ ഒരൊറ്റ ഡയലോഗാണ് എന്നെ സിനിമയിൽ നിലനിർത്തിയത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ ദീപക് പറമ്പോൽ പറഞ്ഞു.
ദീപക് പറമ്പോൽ.തട്ടത്തിൻ മറയത്ത്.photo.screen grab/youtube