'കാലങ്ങളോളം വെളിച്ചമില്ലാതെ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ മണ്ണെണ്ണ വിളക്കിന്റെ നാളമേ ദൈവമായ എനിക്ക് വെളിച്ചമായി ഉണ്ടായിരുന്നുള്ളൂ; പഴയ കുറിപ്പ് പങ്കുവെച്ച് ദീപാ നിശാന്ത്
Social Tracker
'കാലങ്ങളോളം വെളിച്ചമില്ലാതെ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ മണ്ണെണ്ണ വിളക്കിന്റെ നാളമേ ദൈവമായ എനിക്ക് വെളിച്ചമായി ഉണ്ടായിരുന്നുള്ളൂ; പഴയ കുറിപ്പ് പങ്കുവെച്ച് ദീപാ നിശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 6:42 pm

കോഴിക്കോട്: ഉത്സവകാലത്ത് ക്ഷേത്രത്തില്‍ മുസ്‌ലീമുകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വിവാദമായ പശ്ചാത്തലത്തില്‍ പഴയ കുറിപ്പ് പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ചമ്രവട്ടത്ത് ഒരു ക്ഷേത്രത്തിന് സമീപമുള്ള മുസ്‌ലീം കുടുംബത്തെ സ്ഥലം മാറ്റാനുള്ള ശ്രമം ‘ദൈവഹിത’ത്തില്‍ പരാജയപ്പെട്ട സംഭവമാണ് ദീപാ നിശാന്ത് പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിലാണ് സംഭവം. ചമ്രവട്ടത്ത് ഒരു തിയേറ്റര്‍ വരാന്‍ പോവുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം അരങ്ങേറുന്നത്. തവനൂര് റോഡില്‍ നിന്ന് ഒരു ഫര്‍ലോങ്ങ് മുന്നോട്ടു പോയാല്‍ റോഡിന്റെ വലതു വശത്ത് നട്ടുച്ചക്കും കൂടി വെളിച്ചമെത്താത്ത, കാടുമൂടിക്കിടക്കുന്ന ഒരേക്കര്‍ വരുന്ന ഒരു പറമ്പ് ഉണ്ടായിരുന്നു.

പകല്‍ പോലും അതുവഴി മനുഷ്യസഞ്ചാരം കഷ്ടിയായിരുന്നിരിക്കണം. ആ കാട് പിടിച്ചു കിടക്കുന്ന പറമ്പിന്റെ മുന്നില്‍ അതിനോട് ചേര്‍ന്നുള്ള ചെറ്റപ്പുരയില്‍ ഒരു മുസ്ലിം കുടുംബം താമസിച്ചിരുന്നു. ആ സാധുക്കള്‍ക്ക് പോകാന്‍ മറ്റൊരിടം ഇല്ലാത്തതുകൊണ്ടായിരുന്നിരിക്കണം അവരവിടെ സാമൂഹികമായിത്തന്നെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.

ആ കാട് മൂടിയ സ്ഥലമാണ് അക്കാലത്ത് തിയേറ്ററിനു വേണ്ടി ആദ്യം കണ്ടു വെച്ചതും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതും. തിയേറ്റര്‍നിര്‍മ്മാണത്തിനായി കാട് വെട്ടി വെളുപ്പിച്ചപ്പോള്‍ അവിടെ ഒരു വലിയ തറ കണ്ടെത്തി. പരിശോധിച്ചപ്പോ അതൊരു തകര്‍ന്നടിഞ്ഞ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു..

ഒരു വലിയ ശിവലിംഗം, ഒന്നു രണ്ട് ഉപദേവതാ വിഗ്രഹങ്ങള്‍. അതൊക്കെ കണ്ടെടുത്തു. സ്ഥലം വാങ്ങിയവര്‍ ആരുമറിയാതെ അത് പൊളിച്ചുമാറ്റാനുള്ള ശ്രമം നടത്തുകയും നാട്ടുകാരത് തടയുകയും ചെയ്യുന്നു. തുടര്‍ന്ന് വളരെപ്പെട്ടെന്ന് വിശ്വാസികള്‍ മുന്‍കയ്യെടുത്ത് ഒരു ക്ഷേത്രസംരക്ഷണസമിതി രൂപപ്പെട്ടു. തിയേറ്ററിനായി പറമ്പെടുത്തവര്‍ക്ക് അവര്‍ ഭൂമിക്കു നല്കിയ കാശ് തിരിച്ചു കൊടുക്കാനും ക്ഷേത്രം ഏറ്റെടുക്കാനും നാട്ടുകാര്‍ തീരുമാനിക്കുന്നു.

അന്ന് ആ ചര്‍ച്ച അവസാനിപ്പിക്കുമ്പോ ലിക്വിഡ് കാഷ് എടുത്തു കൊടുത്തത് പൊന്നാനിയിലെ തെയ്യൂശന്‍ എന്ന ആളായിരുന്നു എന്ന് അച്ഛന്‍ പറഞ്ഞറിയാമെന്ന് വിജു മാഷ് Viju Nayarangadi പറഞ്ഞതോര്‍ക്കുന്നു.

എന്തായാലും തിയേറ്റര്‍ പ്രസ്തുതസ്ഥലത്തിന്റെ സമീപപ്രദേശത്തുതന്നെ നിര്‍മ്മിച്ചു.ക്ഷേത്രം ഇപ്പുറത്തും പുനര്‍നിര്‍മ്മിച്ചു.
അങ്ങനെ,അന്നുവരെ ഇരുട്ടില്‍ പട്ടിണിയിലായ തേവര് വീണ്ടും തേജസ്വിയായി. പുതിയ ശ്രീലകവും നിത്യ പൂജയും നടവരവുമൊക്കെയായി. ആ പ്രദേശത്തെ നാട്ടുകാര്‍ ക്ഷേത്രത്തെ നന്നായി പരിപാലിച്ചു പോന്നു. അങ്ങനെ വന്നപ്പോഴും ക്ഷേത്രപടിവാതിലിനരികെ ആ ചെറിയ കൂരയും അതിലെ മുസ്ലീം കുടുംബവും അവിടെത്തന്നെ ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ അമ്പലനടയ്ക്കല്‍ ഒരു മുസ്ലീം കുടുംബം നന്നല്ല എന്ന തോന്നല്‍ ആര്‍ക്കൊക്കെയോ ഉണ്ടായി. അവരെ അവിടുന്ന് ഒഴിപ്പിക്കാനുള്ള തീരുമാനം (മാന്യമായിത്തന്നെ ) നടപ്പിലാക്കാന്‍ അന്നത്തെ ആള്‍ക്കാര്‍ ഒരുങ്ങി. അതിന്റെ ഭാഗം കൂടിയായി നടന്ന ദേവപ്രശ്‌നത്തില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടു. പ്രശ്‌നഹാരികള്‍ വിഷയം ദേവഹിതത്തിനു വിട്ടു.

ദേവന്റെ ഹിതമായി പ്രശ്‌നഹാരികള്‍ അന്ന് പറഞ്ഞത് , ‘ആ മുസ്ലീം കുടുംബത്തെ അവരുടെ ആഗ്രഹപ്രകാരമല്ലാതെ അവിടെ നിന്ന് മാറ്റിക്കളയരുത്’ എന്നായിരുന്നുവത്രേ. കാരണമായി പ്രശ്‌നഹാരികള്‍ ദൈവഹിതമായി പറഞ്ഞ ഒരു വാചകം ഇതായിരുന്നു.
”കാലങ്ങളോളം അന്നവും വെള്ളവുമില്ലാതെ, തീയും വെളിച്ചവുമില്ലാതെ ഞാന്‍ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ അടുക്കളയില്‍ നിന്ന് മുനിഞ്ഞു കത്തിയ മണ്ണണ്ണ വിളക്കിന്റെ നാളമേ എനിക്ക് വെളിച്ചമായി കൂടെയുണ്ടായിരുന്നുള്ളൂ..”
എത്ര മാനവികമായ ദൈവഹിതം!

മൂന്നാം കണ്ണില്‍ സംഹാരാഗ്‌നിയുമായി ത്രിലോകങ്ങളെയും എരിക്കാന്‍ പാകത്തിലിരിക്കുന്ന തേവര്‍ക്ക് ഒരു മുസ്ലീം കുടുംബത്തിന്റെ ചെറ്റപ്പുരയിലെ മണ്ണെണ്ണ വിളക്കിന്റെ നാളത്തോടുള്ള കടപ്പാട്, പ്രശ്‌നഹാരികള്‍ വിളിച്ചു പറഞ്ഞപ്പോ മറ്റൊന്നും പിന്നെ ചിന്തിക്കാനുണ്ടായിരുന്നില്ല.ആ വിഷയം അന്ന് അവിടെ തീര്‍ന്നു.

ഒരു ‘മാപ്ലക്കുടി ‘യിലെ മണ്ണെണ്ണവിളക്കിന്റെ നാളത്തില്‍ തെളിയുന്ന തേവര്‍!
എന്തൊരു സുന്ദര സങ്കല്‍പ്പമാണത്! ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഒരു കാലത്ത് ആ സങ്കല്‍പ്പത്തിന് പത്തരമാറ്റ് തിളക്കമുണ്ട്.
ആ പ്രശ്‌നഹാരികള്‍, ആളിക്കത്തുമായിരുന്ന ഒരു വലിയ പ്രശ്‌നത്തെ എത്ര നിസ്സാരമായാണ് കെടുത്തിക്കളഞ്ഞത്!വിശ്വാസം മനുഷ്യരെ തമ്മിലടിപ്പിക്കാനല്ല എന്ന ബോധ്യമുള്ള മനുഷ്യരെല്ലാം അങ്ങനെത്തന്നെയായിരിക്കും. അവര്‍ സ്വന്തം ഹിതങ്ങളെ ദൈവത്തിന്റെ നാവില്‍ തിരുകില്ല.

ഇങ്ങനെയൊക്കെയുള്ള പാരമ്പര്യമുള്ള മണ്ണാണ് നമ്മുടേത്.ആരൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാലും അതിനെ തടയിടാന്‍ ദേവഹിതങ്ങള്‍ വരെ മനുഷ്യഹിതങ്ങളായി പരിണമിച്ച മണ്ണാണിത്..

ദൈവത്തിന്റെ പ്രതിപുരുഷന്മാരും പ്രശ്‌നഹാരികളും വിചാരിച്ചാല്‍ വര്‍ഗീയതയുടെ തിരി ആളിക്കത്തിക്കാനും കെടുത്താനും സാധിക്കുമെന്നതിന് ഉദാഹരണങ്ങള്‍ ഇനിയും നിരവധിയുണ്ട്.. മനുഷ്യഹിതങ്ങള്‍ ദൈവഹിതങ്ങളായി അവതരിപ്പിച്ചു കൊണ്ട് വിഷം തുപ്പുന്ന മനുഷ്യരുടെ ചില വാക്കുകള്‍ക്ക് വലിയ വില കൊടുക്കുന്ന സാധുമനുഷ്യര്‍ ഇന്നാട്ടിലുണ്ട്.അത്തരം മനുഷ്യരുടെ ഭക്തിയും വിശ്വാസവും ചൂഷണം ചെയ്തു കൊണ്ട് ജീവിക്കുന്ന ആളുകളെ നിലയ്ക്കു നിര്‍ത്തേണ്ടത് ഒരു പരിഷ്‌കൃതസമൂഹത്തിന് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.

{നേരത്തെ എഴുതിയതാണ്. സമകാലീന സന്ദര്‍ഭങ്ങളില്‍ അതിന് വലിയ പ്രസക്തിയുണ്ടെന്ന ബോധ്യത്തില്‍ ആവര്‍ത്തിക്കുകയാണ്.പണ്ട് വിജു മാഷ് കോളേജില്‍ വന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കവേ പരാമര്‍ശിച്ച ഒരു സംഭവമാണ്.}

Content Highlight: Deepa Nishanth Chamravattom Temple